കൂളിംഗ് ഗ്ലാസ് വെച്ച് കോളേജിലെത്തിയതിന് പോളിടെക്നിക്ക് വിദ്യാർത്ഥിക്ക് സീനിയര്‍ വിദ്യാര്‍ത്ഥികളുടെ ക്രൂരമർദ്ദനം
കോഴിക്കോട്: കൂളിംഗ് ഗ്ലാസ് വെച്ച് കോളേജിലെത്തിയതിന് പോളിടെക്നിക്ക് വിദ്യാർത്ഥിക്ക് സീനിയര്‍ വിദ്യാര്‍ത്ഥികളുടെ ക്രൂരമർദ്ദനം. മുക്കം കെ എം സി ടി പോളിടെക്സിന്ക് കോളേജിലെ ബയോ മെഡിക്കൽ ഒന്നാം വർഷ വിദ്യാർത്ഥിയും നരിക്കുനി സ്വദേശിയുമായ മുഹമ്മദ് ജാബിറാണ് ക്രൂരമായ റാഗിങ്ങിനിരയായത്. സംഭവത്തിൽ അഞ്ച് സീനിയർ വിദ്യാർഥികളെ കോളേജിൽ നിന്നും സസ്പെന്‍റ് ചെയ്തു.
കഴിഞ്ഞ തിങ്കളാഴ്ചയാണ് ജാബിറിന് സീനിയേഴ്സിന്‍റെ മര്‍ദ്ദനമേറ്റത്. കോളേജിൽ നിന്നും ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങാൻ പുറത്തിറങ്ങിയപ്പോഴാണ് സംഭവം. ജാബിര്‍ സണ്‍ ഗ്ലാസ് ധരിച്ചിരുന്നു, ഇത് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇഷ്ടപ്പെട്ടില്ല. ഇവര്‍ ജാബിറിനെ തടഞ്ഞ് വെയ്ക്കുകയും കൂളിങ് ഗ്ലാസ് ഊരി മാറ്റാനും ആവശ്യപ്പെട്ടു. പിന്നാലെ ഈ കണ്ണട വെക്കാൻ ജൂനിയറായ തനിക്കൊന്നും ഞങ്ങൾ അനുവാദം നൽകിയിട്ടില്ലെന്നും പറഞ്ഞ് കേട്ടാലറയ്ക്കുന്ന തെറി വിളിച്ച് മർദിക്കുകയായിരുവെന്ന് വിദ്യാര്‍ത്ഥിയുടെ പരാതിയില്‍ പറയുന്നു.
മറ്റ് കുട്ടികള്‍ നോക്കി നില്‍ക്കെ സീനിയേഴ്സ് ജാബിറിനെ ക്രൂരമായി സംഘം ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്. പരിക്കേറ്റ് അബോധവസ്ഥിലായ മകനെ സഹപാഠികളാണ് ആശുപത്രിയില്‍ എത്തിച്ചതെന്ന് ജാബിറിന്‍റെ മാതാപിതാക്കള്‍ പറഞ്ഞു. മര്‍ദ്ദനമേറ്റ് കണ്ണിനും കഴുത്തിനും പരിക്കേറ്റ ജാബിർ കോളേജിലെ ആന്‍റി റാഗിങ് സെല്ലിലും മുക്കം പൊലീസിലും പരാതി നൽകിയിരുന്നു. പരാതി നല്‍കിയിട്ടും ആദ്യം കോളേജ് അധികൃതര്‍ നടപടിയെടുത്തില്ലെന്ന് ജാബിറിന്‍റെ മാതാപിതാക്കള്‍ ആരോപിച്ചു. സംഭവം വലിയ വാര്‍ത്തയായതിന് പിന്നാലെ അഞ്ച് സീനിയര്‍ വിദ്യാർഥികളെ കോളേജിൽ നിന്നും സസ്പെന്‍റ് ചെയ്യുകയായിരുന്നു.