കെഎസ്ആർടിസി ജീവനക്കാർക്കുള്ള പെൻഷൻ വിതരണം മുടങ്ങി
വിരമിച്ച കെഎസ്ആർടിസി ജീവനക്കാർക്കുള്ള പെൻഷൻ വിതരണം വിവിധ ജില്ലകളിൽ മുടങ്ങി. തിരുവനന്തപുരം, കോട്ടയം ജില്ലകളിലാണ് പെൻഷൻ വിതരണം മുടങ്ങിയത്. സാങ്കേതിക തകരാറാണ് കാരണം എന്നാണ് അധികൃതർ നൽകുന്ന വിശദീകരണം. വിതരണം ചെയ്യാൻ തുടങ്ങിയതിന് പിന്നാലെ, പെൻഷൻ വിതരണം നിലച്ചത് മുൻ ജീവനക്കാരെ പ്രതിസന്ധിയിലാക്കി.
സഹകരണ വകുപ്പുമായുള്ള ചില പ്രശ്നങ്ങളെ തുടർന്ന് കഴിഞ്ഞ രണ്ടുമാസമായി പെൻഷൻ നൽകിയിരുന്നില്ല. ഈ പെൻഷൻ വിതരണം ചെയ്യുമെന്ന് അറിയിച്ചതോടെ പതിവിൽ കൂടുതൽ പേർ പണം വാങ്ങാൻ എത്തിയിരുന്നു. ഇതിനു പിന്നാലെയാണ് പെൻഷൻ വിതരണം നിലച്ചത്. സഹകരണ സ്ഥാപനങ്ങൾ വഴി പെൻഷൻ നൽകുന്നതിലെ സാങ്കേതിക പ്രശ്നമാണ് ഇതിനിടയാക്കിയതെന്നാണ് അധികൃതരുടെ വിശദീകരണം. എന്നാൽ ഈ പ്രശ്നം എപ്പോൾ പരിഹരിക്കാൻ ആകുമോ എന്നും എന്താണ് പ്രതിവിധി എന്നും അധികൃതർ വ്യക്തമാക്കിയിട്ടില്ല. 41,000 പേർക്കാണ് പെൻഷൻ നൽകാനുള്ളത്.
പ്രതീക്ഷിച്ച പണം കിട്ടാതെ വന്നതോടെ മുൻ ജീവനക്കാരിൽ പലരും വികാരാധീനരായി. പലരും തളർന്നിരുന്നു. ഓണക്കിറ്റിനൊപ്പം സയനൈഡ് കൂടി നൽകുന്നത് മന്ത്രി ചെയ്യുന്ന ഏറ്റവും വലിയ ഉപകാരമാകുമെന്നായിരുന്നു ഒരു മുൻ ജീവനക്കാരന്റെ പ്രതികരണം. തരാമെന്ന് പറഞ്ഞ്, പണം തരാതിരിക്കുമ്പോൾ ആൾക്കാർക്ക് മുഖം നൽകാനാകാത്ത അവസ്ഥയാണെന്ന് മറ്റൊരാൾ പ്രതികരിച്ചു. പെൻഷൻ കിട്ടാതെ വീട്ടിലേക്കില്ലെന്നും സെക്രട്ടേറിയറ്റ് നടയിലേക്ക് പോകുകയാണെന്നും ചിലർ പ്രതികരിച്ചു.
കെഎസ്ആർടിസിയിൽ 41,000 പെൻഷൻകാരാണുള്ളത്. ധനവകുപ്പും സഹകരണ വകുപ്പും തമ്മിലുള്ള തർക്കത്തെ തുടർന്ന് കെഎസ്ആർടിസിയിലെ പെൻഷൻ വിതരണം രണ്ടുമാസമായി മുടങ്ങിക്കിടക്കുന്നത് പെൻഷൻ വിതരണം നടത്തുന്നതിന് സഹകരണ കൺസോർഷ്യം നൽകുന്ന പലിശയെ ചൊല്ലിയുള്ള തർക്കമായിരുന്നു പെൻഷൻ വിതരണം വൈകാൻ കാരണം. പലിശ നിരക്ക് എട്ടരയിൽ നിന്ന് എട്ടാക്കി കുറയ്ക്കാൻ തയ്യാറായതോടെയാണ് പെൻഷൻ വിതരണം വീണ്ടും തുടങ്ങിയത്.
അതേസമയം കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം നൽകാൻ 103 കോടി രൂപ അടിയന്തരമായി നൽകാൻ നിർദേശിച്ച ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീലുമായി സർക്കാർ. കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം നൽകാൻ സർക്കാരിന് ബാധ്യതയല്ലെന്ന് വ്യക്തമാക്കിയാണ് അപ്പീൽ നൽകിയത്. മറ്റ് കോർപ്പറേഷനുകളെ പോലെ ഒരു കോർപ്പറേഷൻ മാത്രമാണ് കെഎസ്ആർടിസി എന്നും അതിലെ ജീവനക്കാർക്ക് ശമ്പളം നൽകാൻ ബാധ്യതയില്ലെന്നാണ് സർക്കാർ വാദം. ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ ശമ്പളവും, ഫെസ്റ്റിവൽ അലവൻസും നൽകാൻ 103 കോടി രൂപ നൽകണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെയാണ് അപ്പീൽ നൽകിയത്. സെപ്തംബർ ഒന്നാം തീയതിക്കകം 103 കോടി രൂപ കെഎസ്ആർടിസക്ക് നൽകാനാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദേശിച്ചത്.