കെഎസ്ഇബിയുടെ പേരില്‍ ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ വ്യാപകമാകുന്നു
കെഎസ്ഇബിയുടെ പേരില്‍ ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ വ്യാപകമാകുന്നു. വൈദ്യുതി ബില്‍ അടക്കാത്തതിനെത്തുടര്‍ന്ന് കണക്ഷന് വിച്ഛേദിക്കുമെന്ന തരത്തിലുള്ള സന്ദേശങ്ങള്‍ ഉപഭോക്താക്കളിലേക്ക് എത്തിച്ചാണ് പണം തട്ടുന്നത്.
അതേസമയം, ബില്‍ അടച്ചവരാണെങ്കില്‍ പ്രത്യേക മൊബൈല്‍ നമ്പറില്‍ കോള്‍ ചെയ്യാനും ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍, ഈ നമ്പറിലേക്ക് വിളിക്കുന്നതോടെ തട്ടിപ്പ് സംഘത്തിന്റെ കെണിയിലകപ്പെടും.
കണക്ഷന് വിച്ഛേദിക്കുന്നത് തടയാനായി ഒടിപി നല്കാന് ആവശ്യപ്പെടുകയും, തുടര്‍ന്ന് അക്കൗണ്ടിലെ പണം കവരുന്നതുമാണ് തട്ടിപ്പ് രീതി. സന്ദേശത്തിന് പുറമേ, കെഎസ്ഇബിയിലെ ഉദ്യോഗസ്ഥരെന്ന തരത്തില്‍ സ്വയം അഭിസംബോധന ചെയ്തുള്ള കോളുകളും എത്തുന്നുണ്ട്. ഇത്തരം കോളുകളില്‍ പ്രത്യേക ആപ്പ് മൊബൈലില്‍ ഇന്‍സ്റ്റാള്‍ ചെയ്യാനാണ് ആവശ്യപ്പെടുന്നത്. ഇവ ഇന്‍സ്റ്റാള്‍ ചെയ്യുന്നതോടെ മൊബൈലിന്റെ പൂര്‍ണ നിയന്ത്രണം തട്ടിപ്പുകാരുടെ കൈകളില്‍ എത്തും.