കൊച്ചിയിൽ പേരക്കുട്ടിയെ ഹോട്ടൽ മുറിയിലെ ബക്കറ്റിൽ മുക്കി കൊലപ്പെടുത്തിയ കേസിലെ പ്രതി കുഴഞ്ഞ് വീണ് മരിച്ചു
കൊച്ചി: കൊച്ചിയിൽ പേരക്കുട്ടിയെ ഹോട്ടൽ മുറിയിലെ ബക്കറ്റിൽ മുക്കി കൊലപ്പെടുത്തിയ കേസിലെ പ്രതി കുഴഞ്ഞ് വീണ് മരിച്ചു. കുഞ്ഞിന്‍റെ അമ്മൂമ്മയായ പി എം സിപ്സിയാണ് പള്ളിമുക്കിലെ ലോഡ്ജിൽ കുഴഞ്ഞ് വീണ് മരിച്ചത്. അമ്പത് വയസ്സായിരുന്നു. മരണത്തിൽ അസ്വഭാവികത ഇല്ലെന്ന് സെൻട്രൽ പൊലീസ് അറിയിച്ചു. ഹൃദയാഘാതമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്.
ഒന്നരവയസ്സുള്ള പേരമകളെ കൊലപ്പെടുത്തിയ കേസിൽ രണ്ടാം പ്രതിയാണ് സിപ്സി. കേസിലെ ഒന്നാം പ്രതി ജോൺ ബിനോയ് ഡിക്രൂസിനൊപ്പം തിങ്കളാഴ്ച രാത്രി ലോഡ്ജിലെത്തിയ സിപ്സി ഇവിടെ വെച്ച് കുഴഞ്ഞ് വീണതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കഴിഞ്ഞ മാർച്ചിലായിരുന്നു നഗരത്തിലെ ഹോട്ടൽ മുറിയിലെ കുളിമുറിയിൽ ഒന്നരവയസ്സുകാരി നോറയെ മരിച്ച നിലയിൽ കണ്ടെത്തിയത്. സിസ്പിക്കൊപ്പമുണ്ടായിരുന്ന ജോൺ ബിനോയ് ഡിക്രൂസാണ് കൊലപാതകം നടത്തിയതെന്നാണ് പൊലീസ് കണ്ടെത്തൽ. അമ്മ വിദേശത്തായിരുന്ന നോറയുടെ സംരക്ഷണ ചുമതല സിപ്സിക്കായിരുന്നു. കേസിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന രണ്ട് പ്രതികൾക്കും പിന്നീട് ജാമ്യം കിട്ടിയിരുന്നു.