കൊയിലാണ്ടിയിൽ കാർ ഇടിച്ച് വീണ യാത്രികൻ മിനി ലോറി കയറി മരിച്ചു
കാർ ഇടിച്ച് തെറിച്ചു വീണ ബൈക്ക് യാത്രക്കാരൻ എതിരെ വന്ന മിനി ലോറി കയറി മരിച്ചു. പൂക്കാട് ചാലാടത്ത് പൊയിൽ മുഹമ്മദ് (50) ആണ് മരിച്ചത്. കൊയിലാണ്ടി ചിത്ര ടാക്കീസിന് സമീപം വ്യാഴാഴ്ച വൈകുന്നേരമാണ് നാടിനെ നടുക്കിയ അപകടം. കൂടെ ഉണ്ടായിരുന്ന ഭാര്യ ബുഷറ, സഹോദരൻ്റെ പത്തു വയസ്സായ മകൻ എന്നിവർ പരിക്കുകളോടെ രക്ഷപെട്ടു.
പയ്യോളി ഭാഗത്തേക്ക് വരികയായിരുന്നു മുഹമ്മദും കുടുംബവും. ഇതേ ദിശയിൽ വന്ന കാർ ഇടിച്ചാണ് അപകടം. തെറിച്ചു വീണ മുഹമ്മദ് കോഴിക്കോട് ഭാഗത്തേക്ക് കല്ലുമായ് പോകുന്ന മിനി ലോറിക്ക് അടിയിൽ പെട്ടു പോവുകയായിരുന്നു. ഉടൻ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു എങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റ രണ്ടു പേരും അപകട നില തരണം ചെയ്തു. സഹോദരൻ്റെ മകന് കാലിന് സാരമായ പരിക്കുണ്ട്.
സൌദി അറേബ്യയിൽ ജോലി ചെയ്യുന്ന മുഹമ്മദ് അടുത്ത കാലത്താണ് നാട്ടിൽ എത്തിയത്. കോവിഡ് കാരണം തിരികെ ജോലിക്ക് പോകാൻ കഴിയാതെ ഇരിക്കയായിരുന്നു. മക്കൾ നിത ഫാത്തിമ, സന ഫാത്തിമ.