കൊയിലാണ്ടി ടൌൺ പൊളിക്കില്ല നന്തി ചെങ്ങോട്ട് കാവ് ബൈപ്പാസ് തന്നെ വരും
കൊയിലാണ്ടി: നന്തി ചെങ്ങോട്ട് കാവ് ബൈപ്പാസ് ദേശീയപാതയുടെ ഭാഗമായി തന്നെ നിർമ്മിക്കും. ബൈപ്പാസ് നിർമ്മാണത്തിനുള്ള നിയമ തടസ്സങ്ങൾ നീങ്ങി. ഹൈവേ നിർമ്മാണം സംബന്ധിച്ച വ്യവഹാരങ്ങൾ ഇനി ഒന്നിച്ചു മാത്രമായിരിക്കും കോടതി പരിഗണിക്കുക. ഇതോടെ ബൈപ്പാസിന് എതിരായ പരാതികൾ പ്രത്യേകമായി നിലനിൽക്കില്ല.
രൂക്ഷമായ ഗതാഗത കുരുക്കാണ് ഇപ്പോൾ കൊയിലാണ്ടി ടൌൺ നേരിടുന്നത്. നിലവിലെ റോഡ് മുപ്പത് മീറ്ററിൽ നിർമ്മിക്കുക ഒപ്പം 15 മീറ്റർ വീതിയിൽ എലിവേറ്റഡ് ഹൈവേ പണിയുക എന്ന ബദൽ നിർദ്ദേശം നേരത്തെ തന്നെ ഹൈവേ അതോറിറ്റി തള്ളിയിരുന്നു. ചിലവു കൂടുതലാണ്. നാശനഷ്ടങ്ങൾ ബൈപ്പാസിനെക്കാൾ കൂടുതലാണ് എന്ന പഠന റിപ്പോർട്ട് മുൻ നിർത്തിയായിരുന്നു ഇത്.
കെ.പി ഉണ്ണികൃഷ്ണൻ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രിയായിരുന്നപ്പോൾ മുതൽ പരിഗണനയിൽ ഉണ്ടായിരുന്നതാണ് കൊയിലാണ്ടി മേഖലയിലെ ദേശീയ പാത വികസനം. എന്നാൽ എതിർപ്പുകളും ചർച്ചകളും രാഷ്ട്രീയ ഒത്തു തീർപ്പുകളുമായി ഇത് നീണ്ടു. ഇപ്പോൾ ജില്ലയിലെ തന്നെ ദേശീയ പാതയിലെ ഏറ്റവും ഗതാഗത കുരുക്കേറിയ ഭാഗമാണ് ഇത്.
ബൈപ്പാസ് വരുന്നത് 45 മീറ്റർ വീതി ഉറപ്പാക്കി തന്നെയാവും. 49.5 ഹെക്ടർ ഭൂമി പാതയുടെ ഭാഗമാവും. ഭൂമി ഏറ്റെടുക്കലും നഷ്ടപരിഹാര വിതരണവുമായി ലാന്റ് അക്വിസിഷൻ വിഭാഗം പ്രത്യേക ഓഫീസ് പ്രവർത്തനം സജീവമായിട്ടുണ്ട്. നാനൂറോളം കെട്ടിടങ്ങൾ മാറ്റേണ്ടി വരും. കൊയിലാണ്ടി ടൌൺ വഴിതന്നെ റോഡ് വികസിപ്പിക്കയാണെങ്കിൽ ഇതിന്റെ ഇരട്ടിയോളം കെട്ടിടങ്ങൾ മാറ്റേണ്ടി വരും എന്നാണ് ഹൈവേ അതോറിറ്റിയടെ റിപ്പോർട്ട്.
വളവുകളും തിരിവുകളുമില്ലാത്തവിധം നാലുവരിപ്പാതയാണ് ഇതുവഴി കടന്നു പോവുക. നന്തിയിലെ നിലവിലുള്ള വളവിന് മുൻപായി റോഡ് ഇടത്തോട്ട് തരിയും. ചെങ്ങോട്ട് കാവിൽ ഇപ്പോഴത്തെ ഹൈവേയിലേക്ക് നേരിട്ട് പ്രവേശിക്കും. ബാലുശ്ശേരി റോഡ് ആവും ഇതിനിടയിലെ പ്രധാന ജംഗ്ഷൻ.