കൊയിലാണ്ടി ബപ്പൻകാട് അടിപ്പാത കടക്കാൻ നീന്തൽ അറിയണം
കൊയിലാണ്ടി ബപ്പൻകാട് റെയിൽവേ അടിപ്പാത വീണ്ടും ചളിക്കുളമായി. ഇതു വഴിയുള്ള ഗതാഗതം നിലച്ചതോടെ താമരശ്ശേരി കൊയിലാണ്ടി സംസ്ഥാന പാതയിൽ നിന്ന് ഈസ്റ്റ് റോഡിലേക്കള്ള പ്രവേശനം വീണ്ടും മുറിഞ്ഞു. വേനൽക്കാലത്ത് മാത്രമാണ് ഇതുവഴി പോകാൻ കഴിയുന്നത്. മഴ തുടങ്ങിയതോടെ കഴുത്തറ്റം വെള്ളത്തിലാണ്. ഇപ്പോൾ മേൽപ്പാലം കയറി നഗരത്തിലൂടെ ചുറ്റി വേണം
പരമ്പരാഗത അങ്ങാടിയായ ഈസ്റ്റ് റോഡിലെത്താൻ.
റെയിൽവേയും നഗരസഭയും തമ്മിലുള്ള തർക്കങ്ങളും നിർമ്മാണത്തിലെ തകരാറുകളുമാണ് അടിപ്പാതയെ ഗതികേടിലാക്കിയത്. കഴിഞ്ഞ നാലുവർഷവും ഇതുതന്നെയാണവസ്ഥ. ഒരു ചാറ്റൽ മഴ പെയ്താൽ പോലും വെള്ളം നിറയും. വെള്ളം ഒഴുക്കിയെത്തി കെട്ടി നിൽക്കുന്ന പ്രദേശമാണ് ബപ്പൻകാട് റെയിൽവേ ഗേറ്റും പരിസരവും.
റെയിൽവേ നഗരസഭയുടെ സഹായത്തോടെയാണ് അടിപ്പാത നിർമ്മിച്ചത്. ഒഴുകിയെത്തുന്ന വെള്ളം ഒരു കിണറിൽ സംഭരിച്ച് മോട്ടോർ പമ്പുപയോഗിച്ച് അടിച്ചു പുറത്തു കളയുന്ന രീതിയിലാണ് നിർമ്മാണം. എന്നാൽ വെള്ളം ഒഴുക്കിക്കളയാൻ ഓവുചാലുകളൊന്നും നിർമ്മിക്കാത്തത് കൊണ്ട് പുറത്തു കളയുന്ന വെള്ളം അപ്പോൾ തന്നെ തിരിച്ചൊഴുകി അടിപ്പാതയിൽ നിറയും. കിണർ നിർമ്മാണത്തിലെ അപാകതകൾ നിമിത്തം കിണർ ഭിത്തികളിലൂടെ പുറത്തെ വെള്ളവും കിനിഞ്ഞിറങ്ങി പാത നിറയും. പ്രശ്നം പരിഹരിക്കാൻ പണം തദ്ദേശഭരണ സ്ഥാപനങ്ങൾ മുതലിറക്കണം എന്നാണ് റെയിൽവേയുടെ നിലപാട്. ഞങ്ങൾക്കതിൽ ബാദ്ധ്യതയില്ലന്ന് നഗരസഭയും പറയുന്നു. അടിപ്പാത തങ്ങളുടെ ആവശ്യമല്ലെന്നും നഗരസഭയാണ് ജനങ്ങൾക്ക് സൗകര്യങ്ങൾ ഒരുക്കി നൽകേണ്ടതെന്നുമാണ് റെയിൽവേയുടെ നിലപാട്.