DISTRICT NEWS

കെ.എസ്.ബിമൽ അനുസ്മരണം: ജൂലൈ 10 ന് കോഴിക്കോട് ടൗൺ ഹാളിൽ മാധ്യമ സെമിനാർ

കോഴിക്കോട്: ജനാധിപത്യ വേദി പ്രഥമ ചെയർമാനും നാടക പ്രവർത്തകനുമായിരുന്ന കെ.എസ്.ബിമലിൻ്റെ 8-ാം ചരമവാർഷികത്തോടനുബന്ധിച്ച് ജൂലൈ 10 തിങ്കളാഴ്ച കോഴിക്കോട് ടൗൺ ഹാളിൽ
‘ജനാധിപത്യം മാധ്യമ സ്വാതന്ത്ര്യം’ എന്ന സംവാദം സംഘടിപ്പിക്കുന്നു. ബിമൽ സ്മാരക ക്യാമ്പസ് കവിതാ പുരസ്കാര സമർപ്പണവും നടക്കും. ടെലഗ്രാഫ് പത്രാധിപരും ഇന്ത്യയിലെ അറിയപ്പെടുന്ന മാധ്യമ പ്രവർത്തകനുമായ ആർ .രാജഗോപാലാണ് സംവാദം നയിക്കുക. കെ. കെ. രമ എം എൽ എ, ബംഗളൂരുവിൽ നിന്നുള്ള പ്രശസ്ത്ര മാധ്യമപ്രവർത്തകൻ ശിവസുന്ദർ, ആക്ടിവിസ്റ്റും എഴുത്തുകാരനുമായ കെ .സഹദേവൻ എന്നിവർ പങ്കെടുക്കും. എൻ .വി. ബാലകൃഷ്ണൻ മോഡറേറ്ററാവും.


മാധ്യമ സ്വാതന്ത്ര്യവും ഇന്ത്യൻ ജനാധിപത്യത്തിന്റെ വർത്തമാനകാല അവസ്ഥയും സംബന്ധിച്ച് എല്ലാവർക്കും ഇടപെടാൻ അവസരമുള്ള തുറന്ന സംവാദമാണ് ടൗൺഹാളിൽ സംഘടിപ്പിക്കുന്നത്.

പരിപാടിയുടെ മുന്നോടിയായി വൈകീട്ട് 3.30 മണിയോടെ ചിത്രകലാകാരികളുടെ കൂട്ടായ്മയായ ‘വരമുഖി’,  ‘ദി ഫോർത്ത്’ എന്ന വിഷയത്തിൽ ടൗൺ ഹാളിൽ ജനകീയ ചിത്രരചന നടത്തും. വൈകീട്ട് ഏഴുമണിയോടെ ‘കോഗ്നിസൻസ് പപ്പറ്റ് തിയേറ്റർ’ അവതരിപ്പിക്കുന്ന അലിയാർ അലി സംവിധാനം ചെയ്ത പാപ്പിസോറെ’ എന്ന നാടകം അരങ്ങേറും.

സ്വതന്ത്ര ചിന്ത, അഭിപ്രായസ്വാതന്ത്യം, മാധ്യമ സ്വാതന്ത്ര്യം തുടങ്ങി ജനാധിപത്യത്തിന്റെ അടിക്കല്ലുകളെല്ലാം വലിയ തോതിൽ ആക്രമിക്കപ്പെടുന്ന സാഹചര്യത്തിലൂടെയാണ് രാജ്യം കടന്നു പോകുന്നതെന്നും മാധ്യമ സ്വാതന്ത്ര്യം ഇല്ലാതാകുക എന്നതിന് ഒരു അർത്ഥം മാത്രമേയുള്ളൂ. ജനാധിപത്യ വ്യവസ്ഥ മരണാസന്നമായിരിക്കുന്നു എന്നതാണതെന്നും ജനാധിപത്യ വേദി ചെയർമാൻ പി.കെ.പ്രിയേഷ് കുമാറും കൺവീനർ കെ.പി.ചന്ദ്രനും കോഴിക്കോട് പ്രസ് ക്ലബിൽ നടന്ന പത്ര സമ്മേളനത്തിൽ അഭിപ്രായപ്പെട്ടു. ലോകത്ത് മാധ്യമസ്വാതന്ത്ര്യത്തെ പട്ടികപ്പെടുത്തി പ്രഖ്യാപിച്ചതിൽ 180 ൽ 161 ആണ് ഇന്ത്യയുടെ സ്ഥാനം. ഭരണകൂടം ഏറ്റവും കൂടുതൽ ഇന്റർനെറ്റ് കട്ട് ചെയ്യുന്ന രാജ്യവും ഇന്ത്യ തന്നെ. 
മാധ്യമ സ്വാതന്ത്യത്തിന് വേണ്ടി നിലകൊള്ളുന്നു എന്നവകാശപ്പെടുന്ന പുരോഗമന വാദികളുടെ ‘ബദൽ സർക്കാരാണ് ഇന്ന് കേരളം ഭരിക്കുന്നത്. അഖിലേന്ത്യതലത്തിൽ പ്രസ്താവനകളിലൂടെയൊക്കെ അവർ മാധ്യമസ്വാതന്ത്ര്യത്തിനായി ശബ്ദിക്കുന്നുമുണ്ട്. പക്ഷേ കേരള സർക്കാരിന്റെ നടപടികൾ, ഇത്തരത്തിലുള്ള വ്യാമോഹങ്ങൾ വെച്ചുപുലർത്തുന്നവർക്കൊക്കെയുള്ള കനത്ത പ്രഹരമായി തീർന്നിട്ടുണ്ട്. ഏത് വിധേനയും മാധ്യമങ്ങളുടെ വായടപ്പിക്കുക, അതിന് ഏതറ്റം വരേയും പോവുക എന്നതായിരിക്കുന്നു അവരുടേയും പുരോഗമനം. ദില്ലിയെ മാത്രമല്ല തിരുവനന്തപുരത്തേയും ഭയം വിഴുങ്ങുകയാണെന്നും ജനാധിപത്യ വേദി നേതാക്കൾ പറഞ്ഞു. 

പത്രസമ്മേളനത്തിൽ ജനാധിപത്യ വേദി നിർവാഹക സമിതിയംഗം എൻ.വി.ബാലകൃഷ്ണൻ,
എ മുഹമ്മദ് സലീം, പ്രേമ മലയത്ത് എന്നിവർ പങ്കെടുത്തു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button