DISTRICT NEWSLOCAL NEWSVADAKARA

കെ റെയിൽ; വികസനം, കുടിയിറക്ക്, പരിസ്ഥിതി. പീപ്പിൾസ് ഫോറം സംവാദം ശ്രദ്ധേയമായി

എടച്ചേരി: പൊതുജന അഭിപ്രായങ്ങൾ മാനിക്കാതെ കേരളത്തിലെ ഇടതുപക്ഷ സർക്കാർ നടപ്പിലാക്കുന്ന സിൽവർ ലൈൻ പദ്ധതി ഒരു ചെറിയ ജനവിഭാഗത്തിന്റെ താല്പര്യങ്ങൾ മാത്രം പരിഗണിച്ചു കൊണ്ടാണെന്നും സംസ്ഥാനത്തെ പൊതുഗതാഗത വികസനത്തിന് അത് പരിഹാരമാവില്ലെന്നും ജോസഫ് സി മാത്യു പറഞ്ഞു. എടച്ചേരി കേന്ദ്രീകരിച്ചു പ്രവർത്തിച്ചു വരുന്ന പൊളിറ്റിക്കൽ -ചാരിറ്റബിൾ സൊസൈറ്റിയായ ‘പീപ്പിൾസ് ഫോറം’ സംഘടിപ്പിച്ച ‘കെ.റെയിൽ- വികസനം, കുടിയിറക്കൽ, പരിസ്ഥിതി’ എന്ന പേരിലുള്ള സംവാദത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
റെയിൽവേയുടെ വികസനകാര്യങ്ങളിൽ നിന്നും കേന്ദ്രസർക്കാർ പിൻവലിഞ്ഞത് കൊണ്ടുണ്ടായ, കേന്ദ്ര-സംസ്ഥാന സംയുക്ത സംരംഭമായ ‘കെ.റെയിൽ’ എന്ന കമ്പനിയുടെ രൂപീകരണം, ഇടതുപക്ഷ സർക്കാരിന്റെ നവലിബറൽ നയത്തിലേക്കുള്ള ചുവടുമാറ്റത്തിനുള്ള ഉപകരണമാക്കുകയാണ് സംസ്ഥാന സർക്കാർ. കേരളം ഇന്ന് നേരിടുന്ന സാമ്പത്തിക പ്രതിസന്ധി പരിഗണിക്കാതെ വലിയ ബാധ്യത കേരളത്തിലെ സാധാരണ ജനങ്ങളിലേക്ക് കൈമാറിയുള്ള ഒരു കമ്മീഷൻ പദ്ധതിയായാണ് ഇതിനെ വിലയിരുത്തേണ്ടത്. പാരിസ്ഥിതികവും-സാമൂഹികവും-സാമ്പത്തികവുമായ ലാഭ-നഷ്ട കണക്കുകളെ പരിഗണിക്കാതെയാണ് പദ്ധതിയുമായി സർക്കാർ മുന്നോട്ടു പോകുന്നത് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

വിദേശ സാമ്പത്തികസഹായം ലഭിക്കുന്നു എന്നത് കൊണ്ടുമാത്രം കേരളത്തിലാകമാനം ഉയർന്നുവരുന്ന വിമർശനങ്ങളെയും എതിർപ്പുകളെയും അവഗണിച്ചു പദ്ധതി നടപ്പിലാകുമെന്നുള്ള സർക്കാർ നയം തിരുത്തേണ്ടതാണ് എന്ന് സംവാദത്തിൽ സംസാരിച്ചുകൊണ്ടു വി ടി ബൽറാം ആവശ്യപ്പെട്ടു. സിൽവർ ലൈൻ പദ്ധതിയെ കുറിച്ചുള്ള സമഗ്രമായ പുനരാലോചനയും ആവശ്യമെങ്കിൽ ആ പദ്ധതി ഉപേക്ഷിക്കുക തന്നെ ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കേരളത്തിന്റെ സമഗ്രമായ വികസനത്തിന്റെ ഒരു ഭാഗം മാത്രമാണ് സിൽവർ ലൈൻ പദ്ധതിയെന്നും സംസ്ഥാനത്തിന്റെ സാമൂഹികവും സാമ്പത്തികവുമായ അടിസ്ഥാന സൗകര്യങ്ങൾ കാലാനുസൃതമായ വികസനത്തിന്റെ പാതയിലാണെന്നും സംവാദത്തിൽ സംസാരിച്ചു കൊണ്ട് സി പി ഐ നാദാപുരം മണ്ഡലം സെക്രട്ടറി അഡ്വ. പി ഗവാസ് അഭിപ്രായപ്പെട്ടു. രാഷ്ട്രീയ ലക്ഷ്യങ്ങൾ മാത്രം മുന്നിൽകണ്ടുള്ള പ്രതിഷേധങ്ങളും തെറ്റിദ്ധരിപ്പിക്കലും ജനം തിരിച്ചറിയും. സാമൂഹിക-സാമ്പത്തിക ആഘാത പഠനങ്ങളെ പരിഗണിച്ചുകൊണ്ട് മാത്രമാണ് സർക്കാർ ഈ പദ്ധതിയുമായി മുന്നോട്ടു പോവുകയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.

കെ-റെയിൽ പദ്ധതികളെ കുറിച്ചുള്ള വ്യക്തതയാർന്ന ധാരണകൾ ജനങളുടെ മനസുകളിൽ രൂപപെടുത്താനും കൃത്യമായ നിലപാടുകൾ എടുക്കുവാനും സഹായകമാകുമെന്നുള്ള പ്രതീക്ഷയിലാണ് പീപ്പിൾസ് ഫോറം സംവാദം സംഘടിപ്പിച്ചത് എന്ന് മോഡറേറ്ററായി സംസാരിച്ച അഡ്വ. എം സിജു അഭിപ്രായപ്പെട്ടു. വിഷയാവതരണം കൊണ്ടും ചർച്ചകളിൽ പങ്കുചേർന്നുള്ള ജനപങ്കാളിത്തം കൊണ്ടും സംവാദം ശ്രദ്ധേയമായിരുന്നു.

കാലിക്കറ്റ് സർവകലാശാല തലത്തിൽ എം എസ് സി ഫിസിക്സിൽ ഒന്നാം റാങ്ക് നേടിയ ബി ആർ അശ്വനിക്ക് പീപ്പിൾസ് ഫോറത്തിന്റെ അനുമോദനവും ഉപഹാര സമർപ്പണവും ഇതോടപ്പം നടന്നു. ജോസഫ് സി മാത്യു ഉപഹാര സമർപ്പണം നടത്തി.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button