കെ-റെയിൽ സിൽവർ ലൈനിന്റെ ഭാഗമായി സ്ഥാപിച്ച സർവേക്കല്ല് പിഴുതെടുത്ത് കല്ലായി പുഴയിലേക്ക്
ജില്ലയിൽ കെ-റെയിൽ സമരം ശക്തമാവുന്നു. മുഖ്യധാര പാർട്ടികൾ ജനകീയ സമരം ഏറ്റെടുത്തതോടെ കെ-റെയിൽ വിരുദ്ധസമരം ചൂടുപിടിക്കുന്നതാണ് തിങ്കളാഴ്ച പള്ളിക്കണ്ടിയിൽ ദൃശ്യമായത്. കോൺഗ്രസ്, ബി.ജെ.പി നേതൃത്വം സമരം ഏറ്റെടുത്തതോടെ സർവേയുമായി മുന്നോട്ടുപോവാനാവാത്ത സാഹചര്യമാണ് സംജാതമായത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് മാത്തോട്ടത്ത് നാട്ടുകാർ ആദ്യം പ്രതിഷേധവുമായിറങ്ങിയത്. വരും ദിവസങ്ങളിൽ സമരം ശക്തമാവുമെന്നാണ് സൂചന. എന്തു വില കൊടുത്തും സർവേയുമായി മുന്നോട്ടു പോവുമെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.
വെസ്റ്റ് കല്ലായി, ചക്കിലകംപറമ്പ് പ്രദേശങ്ങളിൽ ജനരോഷത്തിനിടെ പൊലീസ് സംരക്ഷണത്തിൽ ഉദ്യോഗസ്ഥർ കല്ലിട്ടു. മിനിറ്റുകൾക്കകം പൊലീസും ഉദ്യോഗസ്ഥരും നോക്കിനിൽക്കെ പ്രതിഷേധക്കാരും രാഷ്ട്രീയ നേതാക്കളും ചേർന്നു കല്ലുകൾ പിഴുതെടുത്തു വലിച്ചെറിഞ്ഞു. കല്ലായിപ്പുഴ പുറമ്പോക്ക് ഭൂമിയിലും ചക്കിലകംപറമ്പിൽ 2 വീട്ടിലും ഇന്നലെ പൊലീസ് സുരക്ഷയിൽ സ്ഥാപിച്ച 5 സർവേ കല്ലുകൾ പൊലീസും കെ റെയിൽ ഉദ്യോഗസ്ഥരും നോക്കി നിൽക്കെ ജനകീയ സമരസമിതി നേതാക്കളുടെ സാന്നിധ്യത്തിൽ ഡിസിസി പ്രസിഡന്റ് കെ.പ്രവീൺ കുമാറിന്റെയും ബിജെപി പ്രസിഡന്റ് വി.കെ.സജീവന്റെയും നേതൃത്വത്തിൽ പിഴുതെടുത്തെറിഞ്ഞത്.