കേന്ദ്രംഅനുവദിച്ച പരിധിയിൽ നിന്ന് കേരളം 1500 കോടി രൂപ കൂടി കടമെടുക്കുന്നു
കേന്ദ്രംഅനുവദിച്ച പരിധിയിൽ നിന്ന് കേരളം 1500 കോടി രൂപ കൂടി കടമെടുക്കുന്നു. ഇതോടെ ഈ വർഷം പൊതുവിപണിയിൽ നിന്നുള്ള കടം 21,000 കോടി രൂപയായി ഉയരും. വൈദ്യുതിമേഖലയുടെ പ്രകടനം കണക്കിലെടുത്ത് അനുവദിച്ച 4060 കോടി രൂപയുൾപ്പെടെ ഇതുവരെ 23,539 കോടി രൂപയാണ് കേന്ദ്രം കേരളത്തിന് അനുവദിച്ചിരിക്കുന്ന വായ്പ. 1500 കോടി രൂപയുടെ കടപ്പത്രങ്ങളുടെ ലേലം 24-ന് റിസർവ് ബാങ്കിന്റെ മുംബൈ ഫോർട്ട് ഓഫീസിൽ ഇകുബേർ സംവിധാനം വഴി നടക്കും.
അതേസമയം കേരളം കടക്കെണിയിലാണെന്ന പ്രചാരണം കള്ളമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കടത്തെക്കുറിച്ച് പറയുന്നവർ കേരളത്തിന്റെ വരുമാനം കൂടിയതിനെക്കുറിച്ചും പറയണം. രാഷ്ട്രീയവൈരത്തോടെ സാമ്പത്തികരംഗത്ത് കേന്ദ്രം ഏർപ്പെടുത്തുന്ന അപ്രഖ്യാപിത ഉപരോധങ്ങളെ കണ്ടില്ലെന്ന് നടിച്ചാണ് ഈ പ്രചാരണം. ജി.എസ്.ടി. വകുപ്പിന്റെ സമഗ്ര പുനഃസംഘടന ഔദ്യോഗികമായി പ്രഖ്യാപിക്കുകയായിരുന്നു മുഖ്യമന്ത്രി.

ചടങ്ങിൽ ധനമന്ത്രി കെ എൻ ബാലഗോപാൽ അധ്യക്ഷത വഹിച്ചു. ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു, മേയർ എസ് ആര്യ രാജേന്ദ്രൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി സുരേഷ് കുമാർ, സി ജി എസ് ടി തിരുവനന്തപുരം മേഖലാ കമ്മിഷണർ ടി ജി വെങ്കിടേഷ്, കേരള വ്യാപാരി വ്യവസായി സമിതി സംസ്ഥാന ജനറൽ സെക്രട്ടറി ഇ എസ് ബിജു, നികുതി വകുപ്പ് സെക്രട്ടറി ഡോ. രത്തൻ ഖേൽക്കർ, ജി എസ് ടി കമ്മിഷണർ അജിത് പാട്ടീൽ, അഡീഷണൽ കമ്മിഷണർ എബ്രഹാം റെൻ തുടങ്ങിയവർ പങ്കെടുത്തു.