കേന്ദ്ര പരിസ്ഥിതി -വനം വകുപ്പുമന്ത്രിയുടെ നിലപാട് സ്വാഗതാര്‍ഹമാണെന്ന് വനം-വന്യജീവി വകുപ്പുമന്ത്രി എ.കെ.ശശീന്ദ്രന്
സംരക്ഷിത വനമേഖലയ്ക്ക് ചുറ്റും ഒരു കിലോമീറ്റര്‍ പരിസ്ഥിതി സംവേദക മേഖല ഉണ്ടാകണമെന്ന സുപ്രീംകോടതി വിധിക്കെതിരെ നിയമ നടപടികളുമായി മുന്നോട്ടുപോകുമെന്നും പൊതുജനാഭിപ്രായം കൂടി പരിഗണിച്ച് മാത്രമെ തീരുമാനമെടുക്കുകയുമുള്ളുവെന്ന കേന്ദ്ര പരിസ്ഥിതി -വനം വകുപ്പുമന്ത്രിയുടെ നിലപാട് സ്വാഗതാര്‍ഹമാണെന്ന് വനം-വന്യജീവി വകുപ്പുമന്ത്രി എ.കെ.ശശീന്ദ്രന് പറഞ്ഞു.
ജനവാസമേഖലകള്‍ ഒഴിവാക്കികൊണ്ട് സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ചതും കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയിലുള്ളതുമായ നിര്‍ദ്ദേശങ്ങള്‍ക്ക് അംഗീകാരം ലഭ്യമാക്കുന്നതിനുള്ള നടപടി കേരളത്തിന്റെ പ്രത്യേകതകളും പൊതുതാല്പര്യവും പരിഗണിച്ച് കൈക്കൊള്ളുമെന്നാണ് പ്രതീക്ഷിക്കുന്നത്. കേരളത്തിന്റെ നിലപാടിന് അനുസൃതമായി ജനവാസ മേഖലകള്‍ ഒഴിവാക്കി കിട്ടുന്നതിന് വേണ്ടി സുപ്രീംകോടതിയെ സമീപിക്കുമെന്ന കേന്ദ്ര സര്‍ക്കാരിന്റെ നിലപാടിനോട് സംസ്ഥാനം സഹകരിച്ച് മുന്നോട്ട് പോകുമെന്നും മന്ത്രി പറഞ്ഞു.
കഴിഞ്ഞ മാസം ഡെല്‍ഹിയിൽ നടത്തിയ കൂടിക്കാഴ്ചയിലും ഇക്കോ സെന്‍സിറ്റീവ് സോണ്‍ സംബന്ധിച്ച വിധിയ്ക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്നും കേരളത്തിന്റെ ആശങ്കകള്‍ പരിഹരിക്കാന്‍ നടപടി സ്വീകരിക്കുമെന്നും കേന്ദ്ര മന്ത്രി ഉറപ്പുനല്‍കിയിരുന്നു. ഇക്കാര്യം ഇന്ന് തേക്കടിയില്‍ നടന്ന ഗജ ദിനാഘോഷ പരിപാടിയില്‍ കേന്ദ്രമന്ത്രി വ്യക്തമാക്കിയ സാഹചര്യത്തിലാണ് വനം മന്ത്രി എ.കെ.ശശീന്ദ്രന് ഈ നിലപാടിനെ സ്വാഗതം ചെയ്തത്.