കേന്ദ്ര സര്‍ക്കാര്‍ അടച്ചുപൂട്ടിയ വെള്ളൂര്‍ ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റ് ലിമിറ്റഡ് ഏറ്റെടുത്ത സര്‍ക്കാരിന്റെ റെസലൂഷന്‍ പ്ലാനിന് എതിരെ കെ എസ് ഇ ബി
കേന്ദ്ര സര്‍ക്കാര്‍ അടച്ചുപൂട്ടിയ വെള്ളൂര്‍ ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റ് ലിമിറ്റഡ് ഏറ്റെടുത്ത സര്‍ക്കാരിന്റെ റെസലൂഷന്‍ പ്ലാനിന് എതിരെ കെ എസ് ഇ ബി രംഗത്ത്. കൊച്ചിയിലെ നാഷണല്‍ കമ്പനി ലോ ട്രിബ്യൂണല്‍ അംഗീകാരം നല്‍കിയ റെസലൂഷന്‍ പ്ലാന്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് കെ എസ് ഇ ബി അപ്പീല്‍ നല്‍കി. ചെന്നൈയിലെ നാഷണല്‍ കമ്പനി ലോ അപ്പലേറ്റ് ട്രിബ്യുണലില്‍ ആണ് അപ്പീല്‍ നല്‍കിയത്. ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റ് ലിമിറ്റഡ് തങ്ങള്‍ക്ക് നല്‍കാനുള്ള കുടിശ്ശിക സംബന്ധിച്ച് പരാമര്‍ശിക്കാത്ത റെസലൂഷന്‍ പ്ലാന്‍ റദ്ദാക്കണമെന്നാണ് കെ എസ് ഇ ബിയുടെ ആവശ്യം.
കേരള പേപ്പര്‍ പ്രോഡക്ട്‌സ് ലിമിറ്റഡ് (കെപിപിഎല്‍) എന്ന കമ്പനി രൂപീകരിച്ചാണ് കേന്ദ്രം വില്‍പ്പനയ്ക്കുവെച്ച ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റ് ലിമിറ്റഡ് സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തത്. 145 കോടി രൂപയ്ക്കാണ് കേരള വ്യവസായ സൗകര്യ വികസന കോര്‍പറേഷന്‍ (കിന്‍ഫ്ര) ഏറ്റെടുത്തത്. ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റ് ലിമിറ്റഡിന് വായ്പ നല്‍കിയിരുന്ന ആറ് ധനകാര്യ സ്ഥാപനങ്ങളും കിന്‍ഫ്ര സമര്‍പ്പിച്ച റെസലൂഷന്‍ പ്ലാനിനോട് യോജിച്ചിരുന്നു. തുടര്‍ന്നാണ് റെസലൂഷന്‍ പ്ലാനിന് കൊച്ചിയിലെ നാഷണല്‍ കമ്പനി ലോ ട്രിബ്യൂണല്‍ അംഗീകാരം നല്‍കി ഉത്തരവിറക്കിയത്.
കേന്ദ്രസര്‍ക്കാര്‍ കയ്യൊഴിഞ്ഞതിനെ തുടര്‍ന്ന് അടച്ചുപൂട്ടിയ ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റ് ലിമിറ്റഡ് ഏറ്റെടുത്ത നടപടിയെ പൊതുമേഖല വ്യവസായ രംഗത്തെ ഇടത് സര്‍ക്കാരിന്റെ പുതിയ ചരിത്രം എന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ വിശേഷിപ്പിച്ചിരുന്നത്. എന്നാല്‍, ഈ ഏറ്റെടുക്കല്‍ നടപടിയുടെ ഏറ്റവും നിര്‍ണ്ണായകമായ റെസലൂഷന്‍ പ്ലാനിനെതിരായാണ് സംസ്ഥാന സര്‍ക്കാരിന്റെ മറ്റൊരു പൊതുമേഖലാ സ്ഥാപനമായ കെ എസ് ഇ ബി നീക്കം നടത്തുന്നത്.