കേരളത്തിനുള്ള വന്ദേഭാരത് ട്രെയിന്‍ ഇന്ന് വൈകിട്ടോടെ തിരുവനന്തപുരത്ത് എത്തിച്ചേരും
കേരളത്തിനുള്ള വന്ദേഭാരത് ട്രെയിന്‍ ഇന്ന് വൈകിട്ടോടെ തിരുവനന്തപുരത്ത് എത്തിച്ചേരും. ദക്ഷിണ റെയില്‍വേക്ക് കൈമാറിക്കിട്ടിയ ട്രെയിന്‍ ഇന്നലെ രാത്രി 11 ന് ചെന്നൈയില്‍ നിന്ന് പുറപ്പെട്ടിരുന്നു. സര്‍വീസ് ട്രെയിനുകള്‍ക്ക് തടസം സൃഷ്ടിക്കാത്ത നിലയിലാണ് കേരളത്തിലേക്കുള്ള വന്ദേഭാരതിന്റെ സഞ്ചാരം. അതിനാലാണ് ട്രെയിന്‍ എത്തിച്ചേരാന്‍ വൈകുന്നത്.
വൈകിയാണ് ട്രെയിന്‍ എത്തിച്ചേരുന്നതെങ്കില്‍ നാളെ രാവിലെയാകും പരീക്ഷണ ഓട്ടം നടത്തുക. തിരുവനന്തപുരം മുതല്‍ കോഴിക്കോട് വരെയാകും പരീക്ഷണ ഓട്ടം. പരീക്ഷണ ഓട്ടത്തില്‍ പങ്കെടുക്കുന്നതിനായി ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജര്‍ ആര്‍.എന്‍. സിങ് പ്രത്യേക ട്രെയിനില്‍ ചെന്നൈയില്‍ നിന്ന് പുറപ്പെട്ടിരുന്നു. ആര്‍.എന്‍. സിങ് ഉള്‍പ്പെടെയുള്ള ഉന്നതതല സംഘം തിരുവനന്തപുരം മുതല്‍ കോഴിക്കോട് വരെ യാത്ര ചെയ്ത് പരിശോധനകള്‍ നടത്തും.
കൊല്ലം, വര്‍ക്കല, ചെങ്ങന്നൂര്‍, എറണാകുളം സൗത്ത്, എറണാകുളം നോര്‍ത്ത് എന്നിവിടങ്ങളില്‍ അല്പനേരം ട്രെയിന്‍ നിര്‍ത്തിയിടുമെന്നും സൂചനയുണ്ട്. വന്ദേ ഭാരത് എത്തുന്ന വിവരം കഴിഞ്ഞ ദിവസം രാത്രിയാണ് കേരളത്തിലെ റെയില്‍വേ ഓഫീസുകളില്‍ ലഭിച്ചത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഏപ്രില്‍ 25ന് തിരുവനന്തപുരത്ത് വന്ദേഭാരതിന്റെ ഫ്‌ലാഗ് ഓഫ് നിര്‍വഹിക്കുമെന്നാണ് റിപ്പോര്‍ട്ട്. റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവും പ്രധാനമന്ത്രിക്കൊപ്പമുണ്ടാകും. തിരുവനന്തപുരം-കണ്ണൂര്‍ റൂട്ടിലാവും കേരളത്തില്‍ വന്ദേഭാരത് സര്‍വീസ് നടത്തുക.
മണിക്കൂറില്‍ 160 കിലോമീറ്റര്‍ വരെ വേഗത്തില്‍ സഞ്ചരിക്കാന്‍ വന്ദേഭാരതിന് സാധിക്കുമെങ്കിലും കേരളത്തില്‍ ഈ വേഗമുണ്ടാവില്ല. കേരളത്തില്‍ നിലവിലുള്ള ട്രാക്കുകളില്‍ ഇത്രയും വേഗത്തില്‍ ട്രെയിനിന് സഞ്ചരിക്കാനാവില്ല. എറണാകുളം മുതല്‍ തിരുവനന്തപുരം വരെ മണിക്കൂറില്‍ 75, 90, 100 കിലോമീറ്റര്‍ എന്നിങ്ങനെയായിരിക്കും വേഗത. കേരളത്തില്‍ വന്ദേഭാരത് ഓടിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ കുറെക്കാലമായി റെയില്‍വേ നടത്തി വരുന്നുണ്ട്.