SPECIAL
കേരളം കൈവരിച്ച വിജയത്തെ പ്രശംസിച്ച് ‘ദ ഇക്കണോമിസ്‌റ്റ് ‘ വാരിക
കോവിഡ് പ്രതിരോധത്തിൽ കേരളം കൈവരിച്ച വിജയത്തെ പ്രശംസിച്ച് അന്താരാഷ്ട്ര മാധ്യമമായ ‘ദ ഇക്കണോമിസ്‌റ്റ്’. കോവിഡിനെ ചെറുക്കുന്നതിൽ കമ്യൂണിസ്‌റ്റ് രാജ്യമായ വിയറ്റ്‌നാം കൈവരിച്ച നേട്ടത്തോടാണ് ഇടതുപക്ഷം ഭരിക്കുന്ന കേരളത്തെ താരതമ്യപ്പെടുത്തിയത്. കേരളത്തിന്റെയും വിയറ്റ്‌നാമിന്റെയും പൊതുചിന്താധാരയാണ് കമ്യൂണിസമെന്ന് വാരിക അടിവരയിടുന്നു.
കേരളം നിപായെ ചെറുത്ത കഥ വിവരിക്കുന്ന ‘വൈറസ്’ സിനിമയെ കുറിച്ച് പരാമർശിച്ചുകൊണ്ടാണ് ലേഖനമാരംഭിക്കുന്നത്. ഇന്ത്യയിൽ കോവിഡ് റിപ്പോർട്ടുചെയ്‌ത ആദ്യ സംസ്ഥാനമാണ് കേരളം. മാർച്ച് 24 ന് രാജ്യം അടച്ചിടുമ്പോൾ അഞ്ചിലൊന്ന് രോഗികളും കേരളത്തില്‍. ആറാഴ്‌ച പിന്നിട്ടപ്പോൾ കേരളം പട്ടികയിൽ 16–-ാമതായി. ഇന്ത്യയിൽ കോവിഡ് 71 മടങ്ങായപ്പോള്‍ കേരളത്തിൽ മൂന്നിലൊന്നായി കുറഞ്ഞു. നാല് മരണം മാത്രം. ഇതിന്റെ 20 ഇരട്ടിയോളം മലയാളികൾ വിദേശത്ത് മരിച്ചു. 10 കോടി ജനങ്ങളുള്ള വിയറ്റ്‌നാമിലും സമാനമാണ് കാര്യങ്ങൾ. മാർച്ചിൽ രോഗം പാരമ്യത്തിലെത്തി. ഇപ്പോള്‍ 39 രോഗികള്‍ മാത്രം. ആരും മരിച്ചില്ല. തൊട്ടടുത്തുള്ള ഫിലിപ്പീൻസിൽ പതിനായിരം പേർ രോഗബാധിതരായി. 650 പേർ മരിച്ചു.
കേരളത്തിലും വിയറ്റ്‌നാമിലും പൊതുജനാരോഗ്യ മേഖലയിലെ നിക്ഷേപം എടുത്തുപറയേണ്ടതാണ്. പ്രത്യേകിച്ച് പ്രാഥമികആരോഗ്യ രംഗത്ത്. കോവിഡിനെ നേരിടുന്നതിൽ വിയറ്റ്‌നാമിലേത് പോലെ കേരളത്തിലെ സർക്കാർ സംവിധാനവും ഉണർന്നുപ്രവർത്തിച്ചു. മുഖ്യമന്ത്രി ഏറ്റവും താഴെത്തട്ടിലുള്ളവർക്ക്‌വരെ കോവിഡ് പ്രതിരോധ സന്ദേശങ്ങൾ പകർന്നുനൽകി. നിരീക്ഷണത്തിലുള്ള ഒരു ലക്ഷത്തോളം പേർക്കായി 16000 ത്തോളം പേർ കോൾസെന്ററുകൾ ചലിപ്പിച്ചു.
അതിഥിത്തൊഴിലാളികൾക്കും സൗകര്യങ്ങൾ ചെയ്‌തുകൊടുത്തു. അപകടം ഒഴിവായിട്ടില്ലെന്ന ബോധ്യം കേരളത്തിനും വിയറ്റ്‌നാമിനുമുണ്ട്. കേരളം പ്രവാസികളെ സ്വീകരിക്കാൻ ഒരുങ്ങുകയാണ്. ഇതിൽ വലിയ അപകടസാധ്യതയുണ്ടെങ്കിലും പ്രവാസികളെ ചേർത്തുപിടിച്ച് സർക്കാർ നീങ്ങുകയാണ്–- ഇക്കണോമിസ്‌റ്റ് വിലയിരുത്തി.
Comments