KERALA

കേരളത്തിന്റെ ആവശ്യം പ്രധാനമന്ത്രിക്കുമുമ്പിൽ ഒറ്റക്കെട്ടായി വെല്ലുവിളി നേരിടണം: മുഖ്യമന്ത്രി


മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി വ്യാഴാഴ്‌ച നടത്തിയ വീഡിയോ കോൺഫറൻസിൽ കേരളത്തിന്റെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കർണാടക അതിർത്തി അടച്ചതുമുതൽ ഗൾഫിൽ കഴിയുന്ന പ്രവാസികൾക്കുള്ള ക്വാറന്റൈൻ സൗകര്യംവരെ പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപെടുത്തി. വിവിധ രാജ്യങ്ങളിലുള്ള മലയാളി നേഴ്‌സുമാർക്ക്‌ വ്യക്തിഗത സുരക്ഷാ ഉപകരണങ്ങൾ ലഭ്യമാക്കാൻ ഇടപെടണമെന്നും കോവിഡ്‌ ടെസ്‌റ്റിന്‌ പുതിയ സെന്ററുകൾ ആരംഭിക്കാൻ അനുമതി നൽകണമെന്നും ആവശ്യപ്പെട്ടു.

 

സംസ്ഥാനന്തര ചരക്കുനീക്കം ഒരു വിധത്തിലും  തടയപ്പെടില്ലെന്ന്‌ ഉറപ്പ്‌ വരുത്തണമെന്ന്‌ പ്രധാനമന്ത്രിയോട്‌ ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി പറഞ്ഞു. ഒരു രാഷ്‌ട്രമെന്ന നിലയിൽ ഒറ്റക്കെട്ടായി വെല്ലുവിളി നേരിടണമെന്ന ചിന്ത എല്ലാ സംസ്ഥാനങ്ങൾക്കും ഉണ്ടാകണം. പക്ഷപാതം പാടില്ല. ലോക്ക്‌ഡൗൺ അവസാനിച്ചാൽ അതിഥിത്തൊഴിലാളികൾക്ക്‌ നാട്ടിൽ പോകാൻ പ്രത്യേക യാത്രാസംവിധാനവും ആവശ്യപ്പെട്ടു. ലോക്ക്‌ഡൗൺ അവസാനിച്ചാൽ ആളുകളുടെ സഞ്ചാരം ക്രമാനുഗതമായി നിയന്ത്രിച്ചാകണമെന്ന്‌ പ്രധാനമന്ത്രി പറഞ്ഞു. ഈ കാര്യത്തിൽ സംസ്ഥാനങ്ങളുടെ നിർദേശം അദ്ദേഹം ആവശ്യപ്പെട്ടു. ഇതിനായി വിദഗ്‌ധ സമിതി രൂപീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

എൻസിസി, എൻഎസ്‌എസ്‌ വളന്റിയർമാരെ ചേർത്ത്‌ സന്നദ്ധ പ്രവർത്തനം വിപുലീകരിക്കണമെന്ന ആവശ്യം കേരളം നടപ്പാക്കും. അഞ്ച്‌ വർഷംമുമ്പുവരെയുള്ള എൻസിസി, എൻഎസ്‌എസ്‌ വളന്റിയർമാർക്ക്‌ സന്നദ്ധ സേനയിൽ ചേരാം. കോവിഡ്‌ പ്രത്യേക ആശുപത്രിക്ക്‌ ദുരന്തനിവാരണ ഫണ്ട്‌ ഉപയോഗിക്കാൻ അനുമതി, റാപ്പിഡ്‌ ടെസ്‌റ്റിനുള്ള കിറ്റ്‌ ഹോങ്കോങ്ങിൽനിന്ന്‌ കൊണ്ടുവരാൻ സൗകര്യം, വായ്‌പാ പരിധി അഞ്ചു ശതമാനമായി ഉയർത്തുക, വായ്‌പകളുടെ മൊറട്ടോറിയം കാലത്തെ പലിശ  ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങളും മുഖ്യമന്ത്രി ഉന്നയിച്ചു.

 

കോവിഡ്‌ പ്രതിരോധത്തിന്‌ എൻജിഒ സംഘടകളെ ഉൾപ്പെടുത്തി ജില്ലാ ക്രൈസിസ്‌ മാനേജ്‌മെന്റ്‌ ഗ്രൂപ്പ്‌, കാർഷികവിളകൾ കൃത്യമായി എത്തിക്കാൻ ട്രക്ക്‌ ഓൺലൈൻ പൂളിങ്‌ എന്നിവ പ്രധാനമന്ത്രി ആവശ്യപ്പെട്ടത്‌ നടപ്പാക്കും. എസ്‌ഡിആർഎഫിന്റെ സംസ്ഥാന വിഹിതമായി കേരളത്തിന്‌ 157 കോടിരൂപ കിട്ടുമെന്ന്‌ പ്രധാനമന്ത്രി പറഞ്ഞതായും മുഖ്യമന്ത്രി വ്യക്തമാക്കി.

 

മൃതദേഹം എത്തിക്കാൻ നടപടി വേണം
ഗൾഫിൽ കോവിഡ്‌ മൂലമല്ലാതെ മരിക്കുന്ന മലയാളികളെ നാട്ടിലെത്തിക്കാൻ എംബസികൾക്ക്‌ നിർദേശം നൽകണമെന്ന്‌ പ്രധാനമന്ത്രിയോട്‌ ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കൊറോണ ബാധിച്ച്‌ മരിച്ചവരുടെ കാര്യത്തിൽ  പ്രോട്ടോകോളുണ്ട്‌.  മൃതദേഹം ഇങ്ങോട്ട്‌ കൊണ്ടുവരൽ പ്രായോഗികമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

ജാഗ്രത ഇനിയും വർധിപ്പിക്കണം: മുഖ്യമന്ത്രി
രോഗവ്യാപനം ലോകത്താകെ രൂക്ഷമാകുന്ന സാഹചര്യത്തിൽ നമ്മുടെ നാട്ടിൽ ഇനിയും ജാഗ്രത  വർധിപ്പിക്കേണ്ടതുണ്ടെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മാർച്ച് അഞ്ചുമുതൽ 24 വരെ വിദേശരാജ്യങ്ങളിൽനിന്നോ മറ്റു സംസ്ഥാനങ്ങളിൽനിന്നോ വന്നവരും അവരുമായി നേരിട്ട് സമ്പർക്കം പുലർത്തിയവരും 28 ദിവസത്തെ ഐസൊലേഷൻ നിർബന്ധമായും പൂർത്തിയാക്കണം. ദിശ നമ്പരിലേക്ക് വിളിക്കുകയും എന്തൊക്കെ ചെയ്യണമെന്ന് മനസ്സിലാക്കുകയുംവേണം. 60 വയസ്സിന് മുകളിലുള്ളവർ, കുട്ടികൾ, ഗർഭിണികൾ, ഗുരുതര രോഗമുള്ളവർ എന്നിവരുമായി അവർ ഇടപഴകാൻ പാടില്ല. സമൂഹവ്യാപനം തടയാൻ ഏറ്റവും പ്രധാനപ്പെട്ട വഴിയാണിത്‌.

 

ഗുഡ്‌സ്‌ ട്രെയിനുകൾ ഓടിക്കുന്ന ലോക്കോ പൈലറ്റുമാർക്ക്‌ ആവശ്യമായ സുരക്ഷ ഒരുക്കണം. അത്തരക്കാർ വിവിധ സംസ്ഥാനങ്ങളിൽനിന്ന്‌ ട്രെയിൻ ഓടിച്ച്‌ വന്നാൽ ക്വാറന്റൈനിൽ പോകുന്നത്‌ അപ്രായോഗികമാണ്‌. അത്‌ നമ്മുടെ ചരക്ക്‌ കടത്തിനെ ബാധിക്കും.   സംസ്ഥാനത്തേക്ക് സാധനങ്ങളുമായി വരുന്ന ലോറികളുടെ നീക്കം നടക്കുന്നുണ്ട്. എന്നാലും ശരാശരിയിൽ താഴെയാണ് അത്. അരിയുമായി  വ്യാഴാഴ്‌ച  130 ട്രക്കുകളാണ് വന്നത്‌.  ആകെ 1721 ട്രക്കുകൾ വന്നു. പച്ചക്കറികളുമായി 331 ലോറികളെത്തി.   തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള പദ്ധതിവിഹിതത്തിന്റെ ഒന്നാം ഗഡു 1646.28 കോടി രൂപ അനുവദിച്ചു. ഈ തുകയിൽനിന്ന് കൊറോണ പ്രതിരോധ-പരിരക്ഷാപ്രവർത്തനങ്ങൾക്ക് തുക വിനിയോഗിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button