CALICUTDISTRICT NEWSMAIN HEADLINES

കേരളത്തിന് ആദ്യഘട്ടത്തില്‍ 4.35 ലക്ഷം വയൽ വാക്സീൻ; ഔദ്യോഗിക അറിയിപ്പ് സംസ്ഥാനത്തിന് ലഭിച്ചു

കേരളത്തിന് ആദ്യഘട്ടത്തില്‍ കിട്ടുക 4,35,500 വയൽ വാക്സീൻ. ഇതുസംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് സംസ്ഥാനത്തിന് ലഭിച്ചു. 10 ഡോസ് അടങ്ങുന്ന ഒരു കുപ്പിയാണ് വയല്‍. വാക്സിൻ ഒരു വയൽ പൊട്ടിച്ചാൽ ആറ് മണിക്കൂറിനുള്ളില്‍ ഉപയോഗിച്ച് തീര്‍ക്കണം. വാക്സീൻ സൂക്ഷിക്കാനും വിതരണത്തിനെത്തിക്കാനുമുള്ള സംവിധാനങ്ങള്‍ കേരളത്തില്‍ സജ്ജമാക്കി കഴിഞ്ഞു.

അഞ്ച് ലക്ഷം വയൽ കൊവിഡ് വാക്സിനാണ് ആദ്യഘട്ടത്തില്‍ കേരളം ആവശ്യപ്പെടുന്നത്. കൊവിഷീല്‍ഡ് തന്നെ ലഭ്യമാക്കണമെന്ന ആവശ്യവും സംസ്ഥാനം ഉന്നയിച്ചിരുന്നു. കേരളത്തില്‍ കൊവിഡ് രോഗികളുടെ എണ്ണം കൂടുതലാണെന്നും വാക്സിൻ വിതരണത്തിൽ പ്രഥമ പരിഗണന നല്‍കണമെന്നും കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടു.

മൂന്നരലക്ഷത്തിലധികം വരുന്ന ആരോഗ്യ പ്രവര്‍ത്തകര്‍, ഇതിനൊപ്പം മെഡിക്കല്‍ വിദ്യാര്‍ത്ഥികൾ, ആശ അങ്കണവാടി പ്രവര്‍ത്തകര്‍ ഇവര്‍ക്കാണ് കേരളത്തില്‍ ആദ്യം വാക്സീൻ നല്‍കുക. ഇതിനായി നാലരലക്ഷം വയൽ വാക്സീൻ വേണ്ടിവരും. ഇതിനൊപ്പം വയോജനങ്ങളേയും കണക്കില്‍ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇങ്ങനെ ആദ്യഘട്ടത്തില്‍ അഞ്ച് ലക്ഷം ഡോസ് വാക്സീൻ ആണ് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നത്. വിതരണം തുടങ്ങിയാൽ ആദ്യ പട്ടികയില്‍ കേരളത്തെ ഉൾപ്പെടുത്തണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

പ്രതിദിന രോഗികളുടെ എണ്ണവും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും ഏറ്റവും കൂടിയ കേരളത്തില്‍ രോഗ നിയന്ത്രണത്തിന് വാക്സിൻ അനിവാര്യമാണെന്ന കാര്യവും കണക്കുകള്‍ ഉദ്ധരിച്ച് കേന്ദ്രത്തെ കേരളം രേഖാമൂലം അറിയിച്ചിട്ടുണ്ട്. ജീവിതശൈലി രോഗങ്ങളുടെ തലസ്ഥാനമായ കേരളത്തില്‍ മരണനിരക്ക് കുറച്ച് നിര്‍ത്താനായതും വ്യാപനത്തിന്‍റെ തോത് വൈകിപ്പിക്കാനായതും ശാസ്ത്രീയമായ മാര്‍ഗങ്ങളിലൂടെയാണെന്നും നിലവിലെ അവസ്ഥയില്‍ രോഗ വ്യാപനം കൂടുമെന്നുള്ള മുന്നറിയിപ്പും കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്.

എന്നാല്‍ വാക്സിൻ വിതരണമെങ്ങനെ എന്നതില്‍ കേന്ദ്രം നിലപാട് വ്യക്കമാക്കിയിട്ടില്ല. കൊവിഷീല്‍ഡിനും കൊവാക്സിനും അനുമതി ലഭിച്ചിട്ടുണ്ടെങ്കിലും പരീക്ഷണ ഘട്ടങ്ങളെല്ലാം പൂര്‍ത്തിയാക്കിയ കൊവിഷീൽഡ് തന്നെ കേരളത്തിന് കിട്ടുമെന്ന പ്രതീക്ഷയിലാണ് സംസ്ഥാന സര്‍ക്കാര്‍.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button