കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി കേരളത്തിന് മൂന്നു ലക്ഷം കോടിയുടെ വന്‍ പദ്ധതികള്‍ പ്രഖ്യാപിച്ചു
മൂന്ന് സാമ്പത്തിക ഇടനാഴികള്‍ തുടങ്ങുന്നതടക്കം കേരളത്തിന് മൂന്നു ലക്ഷം കോടിയുടെ വന്‍ പദ്ധതികള്‍ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി പ്രഖ്യാപിച്ചു . സംസ്ഥാനത്ത് 45,536 കോടിയുടെ 15 ദേശീയപാത വികസന പദ്ധതികളുടെ ഉദ്ഘാടനവും ശിലാസ്ഥാപനവും നിര്‍വഹിക്കുന്ന ചടങ്ങിലായിരുന്നു ഗഡ്കരിയുടെ അപ്രതീക്ഷിത പ്രഖ്യാപനം. 2025 അവസാനം ഈ പദ്ധതികള്‍ നടപ്പാക്കുന്നതോടെ കേരളത്തിന്റെ മുഖച്ഛായ മാറുമെന്നും അദ്ദേഹം പറഞ്ഞു.
ഈ മൂന്നു പദ്ധതികളിലായി ആകെ 919 കിലോമീറ്റര്‍ വ്യവസായ ഇടനാഴി കേരളത്തിലൂടെ കടന്നുപോകും. 87,224 കോടിയാണ് ഇതിന്റെ ചെലവ്. രാജ്യത്തെ ഏറ്റവും വലിയ ആറു വരി എലിവേറ്റഡ് ഹൈവേയായ അരൂര്‍- തുറവൂര്‍ ഹൈവേയും ഇതില്‍ ഉള്‍പ്പെടും. ദേശീയപാത വികസനം സംബന്ധിച്ച പ്രശ്‌നങ്ങള്‍ക്ക് സംസ്ഥാനവുമായി ആലോചിച്ച് പരിഹാരം കണ്ടെത്തും. ദേശീയ പാതയ്ക്കുള്ള ഭൂമിയേറ്റെടുക്കലിന്റെ 25 ശതമാനം സംസ്ഥാനം നല്‍കുന്നതിലുള്ള ബുദ്ധിമുട്ട് മനസിലാക്കുന്നു.
കേന്ദ്രത്തിന്റെ ചില നിര്‍ദ്ദേശങ്ങള്‍ അംഗീകരിച്ചാല്‍ സ്ഥലം ഏറ്റെടുപ്പിനുള്ള പണം സംസ്ഥാനത്തില്‍ നിന്ന് ഈടാക്കില്ല. ദേശീയ പാതയ്ക്കായി സര്‍ക്കാര്‍ ഭൂമി സൗജന്യമായി വിട്ടുനല്‍കുക, കമ്പിക്കും സിമന്റിനുമുള്ള സംസ്ഥാന ജി എസ് ടി ഒഴിവാക്കുക എന്നീ ആവശ്യങ്ങള്‍ കേരളം അംഗീകരിക്കണം.
കേരളത്തില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള റോഡ്-അടിസ്ഥാന സൗകര്യ വികസനം നടപ്പിലാക്കുകയാണ് കേന്ദ്രത്തിന്റെ ലക്ഷ്യം. വിനോദസഞ്ചാര മേഖലയുടെ ഏറ്റവും വലിയ ശക്തി മികച്ച റോഡുകളാണ്. ഈ പദ്ധതികള്‍ വരുന്നതോടെ വിനോദ സഞ്ചാരം മൂന്നിരട്ടി വര്‍ധിപ്പിക്കാനാകുമെന്നും ഗഡ്കരി ചൂണ്ടിക്കാട്ടി.