കേരളത്തിലെ ആർ എസ്എ സ് നേതാക്കൾക്ക് വൈ കാറ്റഗറി സുരക്ഷ നൽകാൻ കേന്ദ്രസർക്കാർ ഉത്തരവ്
കേരളത്തിലെ ആർ എസ്എ സ് നേതാക്കൾക്ക് വൈ കാറ്റഗറി സുരക്ഷ നൽകാൻ കേന്ദ്രസർക്കാർ ഉത്തരവിട്ടു. നിരോധിക്കപ്പെട്ട ഭീകര സംഘടനയായ പോപ്പുലർ ഫ്രണ്ടിൽ നിന്നും കേരളത്തിലെ അഞ്ച് ആർഎസ്എസ് നേതാക്കൾക്ക് സുരക്ഷാ ഭീഷണി നേരിടുന്നതായി കേന്ദ്രം മുന്നറിയിപ്പ് നൽകിയതിനെ തുടർന്നാണ് സുരക്ഷ വർദ്ധിപ്പിച്ചത്. പിഎഫ്ഐ പ്രവർത്തകനായിരുന്ന മുഹമ്മദ് ബഷീറിന്റെ വസതിയിൽ ഇഡി നടത്തിയ റെയ്ഡിൽ ഹിറ്റ്ലിസ്റ്റ് കണ്ടെടുത്തിരുന്നു. ലിസ്റ്റിൽ പരാമർശിച്ചിരിക്കുന്നവർക്കാണ് സുരക്ഷ ശക്തമാക്കിയിരിക്കുന്നത്.
പിഎഫ്ഐ നിരോധനത്തിൻ്റെ പശ്ചാലത്തലത്തിൽ കൂടിയാണ് അടിയന്തര സുരക്ഷ ഏർപ്പെടുത്തിയതെങ്കിലും അതിലേറെ ഈ അഞ്ച് ആർഎസ്എസ് നേതാക്കളും പിഎഫ്ഐയുടെ ഹിറ്റ് ലിസ്റ്റിൽ കൂടി ഉൾപ്പെട്ടവരാണ് എന്നാണ് വിവരം.
കേരളത്തിലെ ഒരു പിഎഫ്ഐ നേതാവിൻ്റെ വീട്ടിൽ നടത്തിയ റെയ്ഡിൽ പിഎഫ്ഐ നോട്ടമിട്ട നേതാക്കളുടെ പേരടങ്ങിയ ഒരു ഹിറ്റ്ലിസ്റ്റ് പൊലീസിന് ലഭിച്ചു. ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ പൊലീസ് എൻഐഎയ്ക്ക് കൈമാറിയിരുന്നു. ഇതിൻ്റെ കൂടി അടിസ്ഥാനത്തിലാണ് ഈ അഞ്ച് നേതാക്കൾക്ക് സുരക്ഷ നൽകുന്നത്.
പതിനൊന്ന അർധ സൈനിക അംഗങ്ങളുടെ സുരക്ഷയാണ് നേതാക്കൾക്ക് വൈ കാറ്റഗറിയിൽ ലഭിക്കുക. കൊച്ചിയിലെ ആർഎസ്എസ് ആസ്ഥാനത്തിനും അവിടെയുള്ള നേതാക്കൾക്കും നിലവിൽ കേന്ദ്രസേനയുടെ സുരക്ഷയുണ്ട്. ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.
നേരത്തെ ആലുവയിൽ ആർഎസ്എസ് നേതാക്കൾക്ക് കേന്ദ്ര സേന സുരക്ഷ നൽകിയിട്ടുണ്ട്. ഇതിന് പുറമേയാണ് അഞ്ച് നേതാക്കൾക്ക് കൂടി വൈ കാറ്റഗറി സുരക്ഷ നൽകിയിരിക്കുന്നത്. നേതാക്കളുടെ പേരു വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.