കേരളത്തിലെ ട്രെയിനുകളുടെ വേഗത മണിക്കൂറില്‍ 130 കിലോമീറ്ററാക്കാനുള്ള പദ്ധതികളുമായി റെയില്‍വേ
കേരളത്തിലെ ട്രെയിനുകളുടെ വേഗത മണിക്കൂറില്‍ 130 കിലോമീറ്ററാക്കാനുള്ള പദ്ധതികളുമായി റെയില്‍വേ. 2024 ഓഗസ്റ്റ് 15 മുതല്‍ ട്രെയിനുകളുടെ വേഗത വര്‍ധിപ്പിക്കും. മലബാറിലെ ട്രെയിനുകളുടെ വേഗക്കുറവിന് കാരണമായ വളവുകള്‍ നിവര്‍ത്താന്‍ നാല് സെക്ഷനുകളിലായുള്ള പ്രവൃത്തിക്ക് റെയില്‍വേ ടെന്‍ഡര്‍ വിളിച്ചു കഴിഞ്ഞു.
വളവുകളുടെ എണ്ണവും സ്ഥിതിയും പരിശോധിക്കാന്‍ റെയില്‍വേ ഏജന്‍സി സര്‍വേ നടത്തിയതിന്റെ അടിസ്ഥാനത്തിൽ ഷൊര്‍ണൂര്‍- മംഗളൂരു പാതയില്‍ 288 വളവുകളാണ് നിവര്‍ത്താനുള്ളത്. ഇത് സാധ്യമായാൽ ട്രെയിനുകളുടെ വേഗം 130 കിലോമീറ്ററായി വര്‍ധിപ്പിക്കാന്‍ സാധിക്കുമെന്നാണ് കണക്കുകൂട്ടല്‍.
കാസര്‍കോട്-മംഗളൂരു റൂട്ടിലെ പ്രവൃത്തി എട്ടുമാസത്തിനുള്ളിലും ബാക്കി മൂന്ന് റീച്ചുകള്‍ 12 മാസത്തിനുള്ളിലും പൂര്‍ത്തീകരിക്കണം. അടുത്ത വര്‍ഷം പണി പൂര്‍ത്തിയാക്കാൻ കഴിയുമെന്നാണ് റെയില്‍വേ പറയുന്നത്. 310 കിലോമീറ്ററാണ് ഷൊര്‍ണൂര്‍-മംഗളൂരു ദൂരം. നിലവില്‍ 5.49 മണിക്കൂറാണ് കുറഞ്ഞ യാത്രാ സമയം. വളവ് നിവര്‍ത്തി വേഗം കൂട്ടിയാല്‍ കൂടുതല്‍ സമയം ലാഭിക്കാനാകും.