Uncategorized

കേരളത്തിലെ പാൽപ്പൊടി നിർമ്മാണ ഫാക്ടറി ഓഗസ്റ്റിൽ കമ്മിഷൻ ചെയ്യാനൊരുങ്ങുന്നു

മലപ്പുറം ജില്ലയിലെ മൂർക്കനാട് പാൽപ്പൊടി നിർമ്മാണ ഫാക്ടറി നിർമ്മാണം പൂർത്തിയാക്കി ഓഗസ്റ്റിൽ കമ്മിഷൻ ചെയ്യാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.  ഇതോടെ സംസ്ഥാനത്ത് ഉല്പാദിപ്പിക്കുന്ന അധികം പാൽ പാൽപ്പൊടിയാക്കി മാറ്റുന്നതിന് ഇനി ഇതര സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടതായി വരില്ല.

പെരിന്തൽമണ്ണ താലൂക്കിലെ മൂർക്കനാട് 12.4 ഏക്കറിൽ നിർമ്മാണം പൂർത്തിയാകുന്ന മിൽമ ഡയറി പ്ലാന്റിനോട് ചേർന്നാണ് പാൽപ്പൊടി ഫാക്ടറി. ഒരു ലക്ഷം ലിറ്റർ പാലിൽ നിന്നും 10 മെട്രിക് ടൺ പാൽപ്പൊടിയാണ് പ്രതിദിന ഉല്പാദനശേഷി. 131.03 കോടി രൂപ മൊത്തം ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിക്കുവേണ്ടി സ്റ്റേറ്റ് പ്ലാൻ ഫണ്ട് വഴി 15 കോടി രൂപ അനുവദിച്ചിട്ടുണ്ട്. നബാർഡിന്റെ ഗ്രാമീണ അടിസ്ഥാന സൗകര്യ വികസന നിധി (ആർഐഡിഎഫ്) യിൽ നിന്ന് 32.72 കോടി രൂപയും മിൽമ മലബാർ മേഖലാ യൂണിയന്റെ വിഹിതമായ 83.31 കോടി രൂപയും ഉപയോഗിച്ച് നിർമ്മാണ പ്രവർത്തനങ്ങൾ നടന്നു വരുന്നു.

ആലപ്പുഴയിലുള്ള മിൽമയുടെ ആദ്യ നിർമ്മാണ ഫാക്ടറി പ്രവർത്തനരഹിതമായതോടെ പാൽ തമിഴ്‌നാട്ടിൽ എത്തിച്ചായിരുന്നു പാൽപ്പൊടി നിർമ്മിച്ചിരുന്നത്. പുതിയ പാൽപ്പൊടി നിർമ്മാണ ഫാക്ടറി നിലവിൽ വരുന്നതോടെ ഇത്തരം പ്രതിസന്ധികൾക്ക് പരിഹാരമാകും.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button