കേരളത്തിൽ നരബലി നടന്നതായി റിപ്പോർട്ട്
കേരളത്തിൽ നരബലി നടന്നതായി റിപ്പോർട്ട്. ധനസമ്പാദനത്തിനായി പത്തനംതിട്ട തിരുവല്ലയിൽ രണ്ടു സ്ത്രീകളെ നരബലി നടത്തി കൊലപ്പെടുത്തിയതായാണ് പോലീസ് നൽകുന്ന സൂചന. ഏജന്‍റും ദമ്പതിമാരും കസ്റ്റഡിയിലായിട്ടുണ്ട്. പോലീസ് ഇതുസംബന്ധിച്ച് കൂടുതൽ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.
എറണാകുളം ജില്ലയിലെ കടവന്ത്രയിലെ ഒരു സ്ത്രീയെ കാണാനില്ലെന്ന പരാതിയുടെ അന്വേഷണത്തിലാണ് നരബലിയുടെ വിവരം പുറത്തുവന്നത്. കാലടി, കടവന്ത്ര സ്വദേശികളായ സ്ത്രീകളാണ് കൊല്ലപ്പെട്ടത്. തിരുവല്ലക്കാരായ ദമ്പതിമാർക്കുവേണ്ടിയാണ് നരബലി നടത്തിയെതെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ മാസം 27നാണ് കടവന്ത്രയില്‍ നിന്ന് സ്ത്രീയെ കാണാതായത്.
സ്ത്രീകളെ ബലിക്കായി എത്തിച്ചത് പെരുമ്പാവൂരിൽനിന്നുള്ള ഏജന്‍റാണെന്നാണ് സംശയിക്കുന്നു. സംഭവത്തിൽ മൂന്നുപേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മൃതദേഹം കുഴിച്ചിട്ടെന്ന സംശയത്തെ തുടർന്ന് കണ്ടെടുക്കാൻ ആർഡിഒ അടക്കമുള്ള സംഘം തിരുവല്ലയിൽ എത്തിയിട്ടുണ്ട്. മൃതദേഹം കഷണങ്ങളാക്കി കുഴിച്ചിട്ടെന്നാണ് പ്രാഥമിക വിവരം.