KERALAMAIN HEADLINES
കേരളത്തിൽ മഴ ശക്തമാകും
തിരുവനന്തപുരം∙ ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദത്തിന്റെ ഫലമായി കേരളത്തിൽ മഴ ശക്തമാകുമെന്നു കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. 8ന് ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ അതിതീവ്ര മഴയുടെ മുന്നറിയിപ്പായ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇന്നു മലപ്പുറം, കോഴിക്കോട്, കാസർകോട് ജില്ലകളിലും നാളെ ആലപ്പുഴ, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട് കണ്ണൂർ ജില്ലകളിലും അതിശക്തമായ സാധ്യതയുള്ളതിനാൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരളതീരത്തു ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാൽ മൽസ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും നിർദേശിച്ചിട്ടുണ്ട്.
ഇടുക്കിയിൽ മഴ കനക്കുന്നു
ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2316.06 അടിയായി. സംഭരണശേഷിയുടെ 20 ശതമാനം വെള്ളം ഇപ്പോൾ അണക്കെട്ടിലുണ്ട്. ചൊവ്വാഴ്ച അണക്കെട്ടിലെ ജലനിരപ്പ് 2315.92 അടിയായിരുന്നു. കഴിഞ്ഞ വർഷം ഇതേ ദിവസം 2396.42 അടി വെള്ളമാണ് ഉണ്ടായിരുന്നത്. വൃഷ്ടിപ്രദേശത്ത് ഇന്നലെ രാവിലെ 7 ന് അവസാനിച്ച 24 മണിക്കൂറിൽ 8.6 മില്ലീമീറ്റർ മഴ ലഭിച്ചു. ഇന്നലെ മുതൽ ജില്ലയിൽ മഴ ശക്തമായിട്ടുണ്ട്. വരും ദിവസങ്ങളിൽ ജില്ലയിൽ മഴ ശക്തമാകും എന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിൽ നിന്ന് അറിയിച്ചിരിക്കുന്നത്. മഴ ശക്തമാകുന്നതോടെ അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് ശക്തമാകും എന്ന കണക്കുകൂട്ടലിലാണ് കെഎസ്ഇബി.
Comments