Uncategorized

കേരള ഭാഗ്യക്കുറി ഇനി പലയിടങ്ങളിൽ മാറിമാറി നറുക്കെടുക്കും

കേരള ഭാഗ്യക്കുറി ഇനി പലയിടങ്ങളിൽ മാറിമാറി നറുക്കെടുക്കും. ഇപ്പോൾ തിരുവനന്തപുരമാണ് സ്ഥിരം നറുക്കെടുപ്പ് വേദി. കേരളസംസ്ഥാന ഭാഗ്യക്കുറി കൂടുതൽ ജനകീയവും സുതാര്യവുമാക്കുന്നതിനു വേണ്ടിയാണ്  പല ജില്ലകളിൽ നറുക്കെടുപ്പ് നടത്താൻ ആലോചിക്കുന്നത്. ജനങ്ങൾക്ക് നറുക്കെടുപ്പ് കാണാൻ അവസരം നൽകുന്നതുവഴി സുതാര്യത ബോധ്യപ്പെടുത്താനും സാധിക്കുമെന്ന് ഭാഗ്യക്കുറിവകുപ്പ് വൃത്തങ്ങൾ പറഞ്ഞു. വാഹനത്തിൽ കൊണ്ടുപോകാവുന്ന നറുക്കെടുപ്പ് യന്ത്രംവേണം. ഇതുണ്ടാക്കാൻ തിരുവനന്തപുരം സി.ഇ.ടി.യുമായി ചർച്ചകൾ നടക്കുന്നുണ്ട്.

ഇപ്പോഴുള്ളതിന്റെ ഇരട്ടിയോളം സമ്മാനങ്ങൾ നൽകാനുള്ള സാധ്യതയും ഭാഗ്യക്കുറിവകുപ്പ് പരിശോധിക്കുന്നുണ്ട്. ഇതിന് തത്വത്തിൽ ധാരണയായിട്ടുണ്ട്. എന്നാൽ സാങ്കേതിക തടസ്സങ്ങളുണ്ട്. സ്‌കാനിങ് യന്ത്രവത്കൃതമാക്കണം. ചെറിയ സമ്മാനങ്ങൾ ഏജൻറുമാരും വിൽപ്പനക്കാരുമാണ് നൽകുന്നത്. ഇവർ ടിക്കറ്റുകൾ ലോട്ടറി ഓഫീസുകളിൽ ഹാജരാക്കും. അവിടെനിന്നാണ് സമ്മാനം കൊടുത്ത പണം അവർക്ക് മടക്കിക്കൊടുക്കുന്നത്. സമ്മാനം കിട്ടിയ ടിക്കറ്റ് സ്കാൻചെയ്ത് വ്യാജമല്ലെന്ന് സ്ഥിരീകരിച്ചാണ് പണം നൽകുന്നത്.

ഈ പ്രക്രിയ ഇപ്പോൾ ജീവനക്കാർ കൈകൊണ്ടാണ് ചെയ്യുന്നത്. ബാർകോഡ് റീഡ് ചെയ്താണ് ടിക്കറ്റുകളുടെ സാധുത പരിശോധിക്കുന്നത്. ചെറിയ സമ്മാനങ്ങൾ കിട്ടുന്ന ലക്ഷക്കണക്കിന് ടിക്കറ്റുകൾ ഇങ്ങനെ സ്കാൻചെയ്യാൻ ഇപ്പോൾ മതിയായ ജീവനക്കാരില്ല. അതിനാൽ കള്ളനോട്ട് തിരിച്ചറിയുന്നതിന് സമാനമായ യന്ത്രങ്ങൾ ഏർപ്പെടുത്താനുള്ള ഒരുക്കത്തിലാണ് ഭാഗ്യക്കുറിവകുപ്പ്. ഇവ വന്നാൽ സമ്മാനങ്ങളുടെ എണ്ണം 30 മുതൽ 50 ശതമാനംവരെ കൂട്ടാനും കഴിയും.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button