KERALAUncategorized

കേരള മോട്ടോര്‍ വാഹന വകുപ്പിൻ്റെ വിദ്യാ വാഹന്‍ മൊബൈല്‍ ആപ്പ് മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വിച്ച്ഓണ്‍ ചെയ്തു

കേരള മോട്ടോര്‍ വാഹന വകുപ്പിൻ്റെ വിദ്യാവാഹന്‍ മൊബൈല്‍ ആപ്പ് മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വിച്ച്ഓണ്‍ ചെയ്തു.  മുഖ്യമന്ത്രിയുടെ ചേമ്പറിലായിരുന്നു ചടങ്ങ്.  ഈ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് രക്ഷിതാക്കള്‍ക്ക് അവരുടെ കുട്ടികളുടെ സ്‌കൂള്‍ ബസ് ട്രാക്ക് ചെയ്യാം. സ്‌കൂള്‍ ബസിന്റെ തത്സമയ ലൊക്കേഷന്‍, വേഗത, മറ്റ് അലേര്‍ട്ടുകള്‍ എന്നിവ സംബന്ധിച്ച വിവരങ്ങള്‍ രക്ഷിതാക്കള്‍ക്ക് വിദ്യാവാഹന്‍ ആപ്പ് വഴി ലഭ്യമാകും. അടിയന്തിര സാഹചര്യങ്ങളില്‍ രക്ഷിതാക്കള്‍ക്ക് ആപ്പില്‍ നിന്ന് ഡ്രൈവറെയോ സഹായിയെയോ നേരിട്ട് വിളിക്കാം.

കെഎംവിഡിയുടെ നിലവിലുള്ള സുരക്ഷാ മിത്ര പ്ലാറ്റ്‌ഫോം അടിസ്ഥാനമാക്കിയുള്ള ഈ ആപ്പ് പൂര്‍ണ്ണമായും സൗജന്യമായാണ്  നല്‍കുന്നത്. അടിയന്തിര സാഹചര്യങ്ങളില്‍ രക്ഷിതാക്കള്‍ക്ക് ആപ്പില്‍ നിന്ന് ഡ്രൈവറെയോ സഹായിയെയോ നേരിട്ട് വിളിക്കാം. ആപ്പ് ഉപയോഗിക്കാന്‍ മൊബൈല്‍ നമ്പര്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് രക്ഷിതാക്കള്‍ സ്‌കൂള്‍ അധികൃതരുമായി ബന്ധപ്പെടണം. സംശയനിവാരണത്തിന് 18005997099 ടോള്‍ ഫ്രീ നമ്പര്‍ പ്രയോജനപ്പെടുത്താവുന്നതാണ്. ചടങ്ങില്‍ ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു, ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ എസ് ശ്രീജിത്ത്, അഡീഷണല്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ പി എസ് പ്രമോജ് ശങ്കര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

സ്‌കൂള്‍ ബസ് എപ്പോഴെത്തുമെന്ന് രക്ഷിതാക്കള്‍ക്ക് ഇനി വീട്ടില്‍ ഇരുന്നു തന്നെ മൊബൈല്‍ ആപ്പില്‍ അറിയാം. ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്ന് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം. രക്ഷിതാവിന്റെ മൊബൈല്‍ നമ്പറിലാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. ഈ നമ്പറായിരിക്കണം സ്‌കൂളിലും നല്‍കേണ്ടത്. ഓരോ സ്‌കൂള്‍ വാഹനങ്ങള്‍ക്കും പ്രത്യേക യൂസര്‍ നെയിമും ലോഗിനും നല്‍കിയിട്ടുണ്ട്. ഇതുപയോഗിച്ച് ബസിന്റെ റൂട്ട് മാപ്പും യാത്ര ചെയ്യുന്ന കുട്ടികളുടെ വിവരങ്ങളും (രക്ഷിതാക്കളുടെ മൊബൈല്‍ നമ്പറും) ഉള്‍ക്കൊള്ളിക്കണം.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button