കേരള സര്‍ക്കാരിന്‍റെ ഹെലികോപ്റ്റര്‍ വാടക കരാര്‍ ചിപ്സണ്‍ എയര്‍വേസിന്
കേരള സര്‍ക്കാരിന്‍റെ ഹെലികോപ്റ്റര്‍ വാടക കരാര്‍ ചിപ്സണ്‍ എയര്‍വേസിന്. പുതിയ ടെണ്ടർ വിളിക്കാതെ കഴിഞ്ഞ വർഷം ടെണ്ടർ ലഭിച്ച ചിപ്സൺ എയർവേഴ്സിന് കരാർ നൽകാന്‍ മന്ത്രിസഭ യോഗത്തിൽ തീരുമാനിച്ചു.
25 മണിക്കൂർ പറക്കാൻ 80 ലക്ഷം രൂപക്കാണ് കരാർ. 20 മണിക്കൂറിന് 80 ലക്ഷമായിരുന്നു ടെണ്ടറിൽ കമ്പനി മുന്നോട്ടുവച്ചത്.സർക്കാരുമായുള്ള തുടർ ചർച്ചയിൽ 25 മണിക്കൂർ 80 ലക്ഷത്തിന് നൽകാമെന്ന് സമ്മതിച്ചു.ബാക്കി ഓരോ മണിക്കൂറിന് 90,000 രൂപ നല്‍കണം.6 സീറ്റുകളുള്ള ഹെലികോപ്റ്റര്‍ മൂന്നു വർഷത്തേക്കാണ് വാടകക്കെടുക്കുന്നത്.
രോഗികളെയും അവയവദാനത്തിന് കൊണ്ടുപോകുന്നതിനുമായിരിക്കും ആദ്യ പരിഗണന. വി ഐ പി യാത്ര, ദുരന്ത നിവാരണം, മാവോയിസ്റ്റ് പരിശോധന എന്നിവയ്ക്കും ഹെലികോപ്റ്റർ ഉപയോഗിക്കും.ചിപ്സന്‍റെ ടെണ്ടർ കാലാവധി ജൂലൈയിൽ അവസാനിച്ചിരുന്നു. മുൻ കരാറിന് മന്ത്രിസഭ യോഗം വീണ്ടും സാധുകരണം നൽകുകയായിരുന്നു.