അഴീക്കോട്: കണ്ണൂര്‍ അഴീക്കോടില്‍ കൈക്കൂലി വാങ്ങിയ പണം കെഎസ്ഇബി സബ് എഞ്ചിനീയര്‍ വിഴുങ്ങിയതായി വിജിലന്‍സ്. കെഎസ്ഇബി അഴീക്കോട് പൂതപ്പാറ വിഭാഗത്തിലെ സബ് എഞ്ചിനീയറായ എറണാകുളം ആലങ്ങാട് സ്വദേശി ജോ ജോസഫാണ് (38) വിജിലന്‍സിന്റെ പിടിയില്‍ പെടാതിരിക്കാന്‍ പണം വിഴുങ്ങിയതായി സംശയിക്കുന്നത്. കൈക്കൂലി ആവശ്യപ്പെട്ടെന്ന പൂതപ്പാറ സ്വദേശി അബ്ദുള്‍ ഷുക്കൂറിന്റെ പരാതിയെ തുടര്‍ന്നായിരുന്നു ജോ ജോസഫിനെ സ്ഥലമാറ്റ ദിവസം ഡിവൈഎസ്പി ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തില്‍ കണ്ണൂര്‍ വിജിസലന്‍സ് യൂണിറ്റ് അറസ്റ്റ് ചെയ്തത്.
സംഭവത്തെക്കുറിച്ച് വിജിലന്‍സ് പറയുന്നതിങ്ങനെ:അബ്ദുള്‍ ഷുക്കൂറിന്റെ വീടിന്റെ മുന്‍ വശത്തെ കാര്‍ ഷെഡിന് മുകളിലൂടെ അപകടകരമായ നിലയില്‍ നീങ്ങുന്ന വൈദ്യുത ലൈന്‍ മാറ്റി സ്ഥാപിക്കുന്നതിനായി കെഎസ്ഇബിയില്‍ അപേക്ഷ നല്‍കിയിരുന്നു. കെഎസ്ഇബി അസിസ്റ്റന്റ് എഞ്ചിനീയറുടെ നിര്‍ദേശമനുസരിച്ച് ജോ ജോസഫ് എസ്റ്റിമേറ്റ് തയ്യാറാക്കാന്‍ സ്ഥലം സന്ദര്‍ശിക്കുകയും 5,550 രൂപ ഫീസ് അടയ്ക്കണമെന്ന് പറയുകയും ചെയ്തു. ഫീസ് അടച്ചു എന്ന് മനസ്സിലാക്കി അബ്ദുള്‍ ഷുക്കൂറിനെ വിളിച്ച ജോ ജോസഫ് തനിക്ക് സ്ഥലം മാറ്റമാണെന്നും ഇന്ന് തന്നെ പോസ്റ്റ് മാറ്റി സ്ഥാപിക്കാന്‍ 1000 രൂപ കൈക്കൂലി വേണമെന്നും ആവശ്യപ്പെട്ടു.
ഇതിനെ തുടര്‍ന്ന് അബ്ദുള്‍ ഷുക്കൂര്‍ പരാതിയുമായി വിജിലന്‍സിനെ സമീപിച്ചു. വിജിലന്‍സ് നല്‍കിയ നോട്ടുമായി ഇയാള്‍ ജോ ജോസഫിനെ കാണുകയും പണം കൈമാറുകയും ചെയ്തു. ഇടപാട് നടന്നതിന് പിന്നാലെ ഒളിച്ചിരുന്ന വിജിലന്‍സ് സംഘം നപടികള്‍ക്കൊരുങ്ങി. വിജിലന്‍സ് സംഘത്തെ കണ്ട ജോ ജോസഫ് ഓടി മതില്‍ ചാടി രക്ഷപ്പെടാന്‍ ശ്രമിച്ചു എങ്കിലും പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. ദേഹപരിശോധന നടത്തിയിട്ടും ചുറ്റുപാടും തെരഞ്ഞിട്ടും പണം കണ്ടെത്താനായില്ല. ഇതോടെയാണ് പണം വിഴുങ്ങിയെന്ന നിഗമനത്തില്‍ വിജിലന്‍സ് എത്തിയത്.എന്നാല്‍ തന്നെ ബോധപൂര്‍വ്വം കുടുക്കുകയായിരുന്നു എന്നാണ് ജോ ജോസഫിന്റെ ആരോപണം. ഇയാളിതുവരെ എന്‍ഡോസ്‌കോപ്പി ചെയ്യാനുള്ള നിര്‍ദേശത്തോട് സഹകരിച്ചിട്ടില്ല. അതേസമയം കൈക്കൂലി അവശ്യപ്പെട്ടതായി ഇയാള്‍ സമ്മതിച്ചുവെന്ന് വിജിലന്‍സ് പറയുന്നു.