കൊയിലാണ്ടിയിലെ മയക്കുമരുന്ന് വിൽപ്പന പോലീസും എക്സൈസും ഉണർന്നു പ്രവർത്തിക്കണം എ ഐ വൈ എഫ്
ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനം.രാജ്യാന്തര സമൂഹത്തിൽ ലഹരി മരുന്നുകൾ സൃഷ്ടിക്കുന്ന അപകടങ്ങളെ രേഖപ്പെടുത്തുന്ന ദിനം . കൊയിലാണ്ടിയിലും പരിസരപ്രദേശങ്ങളിലും ലഹരി മാഫിയ പിടിമുറുക്കുന്നു. സ്കൂൾ കുട്ടികളും യുവജനങ്ങളുമാണ് ലഹരിയുടെ ലോകത്തേക്ക് എളുപ്പം ആകർഷിക്കപ്പെടുന്നത്. കേവലം കൗതുകത്തിനായി ആരംഭിക്കുന്ന ഈ ദു:ശീലം പിന്നീട് അതിന് അടിമയാകുന്ന കാഴ്ചയാണ് കാണുന്നത്. കഴിഞ്ഞദിവസം ടൗണിൽ 15 വയസ്സുകാരനെ പിടിച്ചുകൊണ്ടുപോയി മയക്കുമരുന്ന് നൽകിയ സംഭവം അതീവ ഗൗരവമായി നാം കാണേണ്ടതുണ്ട്. കൊയിലാണ്ടി റെയിൽവേ സ്റ്റേഷൻ, ഓവർബ്രിഡ്ജ്, പുതിയ ബസ് സ്റ്റാൻഡ് പരിസരം എന്നിവിടങ്ങളിലാണ് ഇത്തരം മാഫിയ തമ്പടിക്കുന്നത്. കഞ്ചാവ് കേസുകൾ പിടിക്കപ്പെടുന്നുണ്ടെങ്കിലും പ്രധാന കണ്ണുകൾ പലപ്പോഴും രക്ഷപ്പെടുകയാണ്. കൊയിലാണ്ടിയിലെ ലഹരി മാഫിയ പിടിച്ചു കെട്ടാൻ എക്സൈസും പോലീസും ജാഗ്രത പുലർത്തണമെന്നും പരിശോധന ശക്തമാക്കണമെന്നും എ .ഐ.വൈഎഫ് മണ്ഡലം സെക്രട്ടറി എ.ടി.വിനീഷ്, പ്രസിഡണ്ട് സുമേഷ് ഡി ഭഗത് എന്നിവർ പ്രസ്ഥാവനയിൽ ആവശ്യപ്പെട്ടു. വരും ദിവസങ്ങളിൽ ബോധവൽക്കരണവും സമരപരിപാടികളും സംഘടന ആരംഭിക്കുന്നതാണ്.