കൊയിലാണ്ടിയിൽ കൾച്ചറൽ ഫോറം മധു മാഷ് അനുസ്മരണം സംഘടിപ്പിച്ചു
കൊയിലാണ്ടി: പ്രതിഭകൊണ്ടും സർഗ്ഗാത്മകത കൊണ്ടും രാഷ്ട്രീയ നിലപാട് കൊണ്ടും മലയാള നാടകവേദിയെ ധനാത്മകമായി വഴിതിരിച്ച,
സമാനതകളില്ലാത്ത ബൗദ്ധിക സാന്നിധ്യമായിരുന്നു മധു മാഷെന്ന് കൊയിലാണ്ടി ബസ്റ്റാൻ്റ് പരിസരത്ത് നടന്ന അനുസ്മരണ സമ്മേളനം അഭിപ്രായപ്പെട്ടു. അധ്യാപകനായും നാടകനടനായും എഴുത്തുകാരനായും സാംസ്കാരിക പ്രവർത്തകനായും ആക്ടിവിസ്റ്റായും പ്രക്ഷോഭകാരിയായും രാഷ്ട്രീയ നേതാവായും തൻ്റെ ജീവിതം അടയാളപ്പെടുത്തിയാണ് മധുമാഷ് കടന്നു പോയത്. നീതിക്ക് നിരക്കാത്തതിനോടെല്ലാം അദ്ദേഹം കലഹിച്ചു കൊണ്ടിരുന്നു. 15 ലധികം നാടകങ്ങൾ എഴുതിയവതരിപ്പിച്ചു. സിനിമയിലും തൻ്റെ അഭിനയത്തികവ് വെളുപ്പെടുത്തിയിട്ടുണ്ട് മധു മാഷ്.
വ്യവസ്ഥാപിതത്വങ്ങളോട് ഏറ്റുമുട്ടിയും പോരടിച്ചും കീഴടങ്ങാതെ ജീവിച്ച അദ്ദേഹത്തിന് ഔദ്യോഗിക പദവികളിൽ നിന്നുള്ള പുറത്താക്കലും നീണ്ട മാസങ്ങളിലേ ജയിൽവാസവും നേരിടേണ്ടി വന്നിട്ടുണ്ട്. അതിലൊന്നും തളരാതെ പതറാതെ ബോധമകലുന്നതു വരെ നിശ്ചയദാർഢ്യത്തിൻ്റെയും പാണ്ഡിത്യത്തിൻ്റേയും തിളങ്ങുന്ന കണ്ണുകളാണ് മധു മാഷ് തുറന്നു വെച്ചത്. പ്രാസംഗികർ അനുസ്മരിച്ചു.
വി എ. ബാലകൃഷ്ണൻ അദ്ധ്യക്ഷനായിരുന്നു. പ്രമുഖ എഴുത്തുകാരൻ ചന്ദ്രശേഖരൻ തിക്കോടിേ ,വിജയരാഘവൻ ചേലിയ, എൻ വി ബാലകൃഷ്ണൻ, രവി മുചുകുന്ന്,ശശി പൂക്കാട്, പി.കെ പ്രിയേഷ് കുമാർ, മനോജ് മരുതൂർ എന്നിവർ സംസാരിച്ചു. വേണുഗോപാൽ കുനിയിൽ സ്വാഗതം പറഞ്ഞു.