KOYILANDILOCAL NEWS
കൊയിലാണ്ടി ഗവർമെൻ്റ് ഗേൾസ് ഹയർസെക്കണ്ടറി സ്കൂൾ ഇനി ആൺകുട്ടികൾക്കും വാതിൽ തുറക്കും
കൊയിലാണ്ടി ഗവ.ഗേൾസ് ഹയർസെക്കണ്ടറി സ്കൂളിൽ ആൺകുട്ടികൾക്ക് കൂടി പ്രവേശനം അനുവദിച്ച് സർക്കാർ ഉത്തരവായതായി കാനത്തിൽ ജമീല എം.എൽ.എ അറിയിച്ചു. ദീർഘനാളായി ജനങ്ങളും ഗവ.ഗേൾസിലെ അധ്യാപകരും അധ്യാപക രക്ഷാകർതൃ കൂട്ടായ്മയും അധ്യാപക സംഘടനകളും പ്രദേശവാസികളും ഉന്നയിച്ചു വരുന്ന കാര്യമായിരുന്നു ഈ സ്കൂളിൽ ആൺകുട്ടികൾക്ക് കൂടി പ്രവേശനം അനുവദിക്കുക എന്നത്. ലിംഗവിവേചനങ്ങൾക്ക് സ്ഥാനമില്ലാതാവുകയും ആൺ പെൺ വ്യത്യാസമില്ലാതെ വിദ്യാർത്ഥികൾ പഠിക്കണമെന്നത് സമൂഹം കൂടി ആവശ്യപ്പെടുന്ന പുതിയ കാലത്താണ് സന്തോഷം പകരുന്ന ഈ സർക്കാർ ഉത്തരവ് ഇറങ്ങുന്നത്.
1961 ൽ 1 മുതൽ 5 ക്ലാസ് വരെ പന്തലായനി എലിമന്ററി സ്കൂളായി പ്രവർത്തനമാരംഭിച്ച ഈ സ്കൂൾ ആ വർഷം തന്നെ ഹൈസ്കൂൾ ആയി ഉയർത്തപ്പെട്ടു. അന്നുമുതൽ പെൺകുട്ടികൾക്ക് മാത്രമാണ് സ്കൂളിൽ പ്രവേശനം ലഭിച്ചിരുന്നത്. പിന്നീട് 1997 ൽ +1 ബാച്ച് ആരംഭിച്ചു.
ഗവ. ഗേൾസ് ഹയർസെക്കണ്ടറി സ്കൂൾ ആയി മാറി. പ്ലസ്ടുവിലും പെൺകുട്ടികൾക്ക് മാത്രമായിരുന്നു പ്രവേശനം നൽകിയിരുന്നത്. ഇപ്പോൾ യു.പി.വിഭാഗത്തിൽ 508 ഉം ഹൈസ്കൂൾ വിഭാഗത്തിൽ 1026 ഉം ഹയർസെക്കണ്ടറി വിഭാഗത്തിൽ 574 ഉം ഉൾപ്പെടെ ആകെ 2108 വിദ്യാർത്ഥിനികൾ ഇവിടെ പഠനം നടത്തി വരുന്നു.
പെൺകുട്ടികൾക്ക് മാത്രം പ്രവേശനം അനുവദിച്ചതിനാൽ സ്കൂളിനടുത്ത് താമസിച്ചു വന്നിരുന്ന ആൺകുട്ടികൾക്ക് വരെ ദൂരെയുള്ള മറ്റ് സ്കൂളുകളെ ആശ്രയിക്കേണ്ടി വന്നിരുന്നു. സഹോദരങ്ങൾ ഇരു സ്കൂളിലേക്കായി മാറി പഠിക്കേണ്ടി വന്നിരുന്ന വർഷങ്ങൾ പഴക്കമുള്ള കീഴ് വഴക്കമാണ് ഉത്തരവിലൂടെ ഇപ്പോൾ മാറ്റിയെഴുതപ്പെടുന്നത്. കൊയിലാണ്ടിയിൽ ഇതോടെ എല്ലാ സ്കൂളുകളും മിക്സഡ് സ്കൂളുകളാവുകയാണ്. ഗവ.ബോയ്സ് സ്കൂൾ നേരെത്തെ തന്നെ മിക്സഡ് ആയിക്കഴിഞ്ഞിരുന്നു. വേർതിരിഞ്ഞു പഠിച്ചിരുന്ന ഒരു തലമുറയുടെ മക്കൾക്ക് ലിംഗവിവേചനമില്ലാതെ ഒരുമിച്ചിരുന്ന് സൗഹൃദം പങ്കുവെച്ച് ഇനി പഠിക്കാം. കൂടുതൽ വിദ്യാർത്ഥികളെ ഉൾക്കൊള്ളാനാവും സ്കൂളിലെ വിധം ഭൗതിക സൗകര്യം ഇനിയും മെച്ചെപ്പെടുത്തുമെന്ന് എം.എൽ.എ പറഞ്ഞു.
Comments