കൊയിലാണ്ടി നഗരസഭ സമ്പൂർണ്ണ കുടിവെള്ളപദ്ധതിക്ക് 120 കോടിക്ക് കിഫ്ബിയുടെ സാമ്പത്തികാനുമതി
കൊയിലാണ്ടി നഗരസഭയിലെ കുടിവെള്ളക്ഷാമത്തിന് ശാശ്വതപരിഹാരമാകുന്ന കൊയിലാണ്ടി നഗരസഭ കുടിവെള്ള പദ്ധതിയുടെ വിതരണശൃംഖല സ്ഥാപിക്കാന്‍ 120 കോടിയുടെ പദ്ധതിക്ക് കിഫ്ബിയുടെ സാമ്പത്തികാനുമതിയായി. തിങ്കളാഴ്ച ചേര്‍ന്ന കേരള അടിസ്ഥാനസൗകര്യ നിക്ഷപ നിധി ബോര്‍ഡ് ( കിഫ്ബി ) യോഗമാണ് പദ്ധതിക്ക് ധനാനുമതി നല്‍കിയത്.
നേരത്തെ കിഫ്ബി മുഖേനെ 85 കോടി രൂപ ചിലവഴിച്ച് കൊയിലാണ്ടി നഗരസഭയിലെ വലിയ മല. കോട്ടകുന്ന്, സിവിൽ സ്റ്റേഷന് സമീപം എന്നിവിടങ്ങളിലായ 3 വലിയ ജലസംഭരണികള്‍ സ്ഥാപിച്ചിട്ടുണ്ടായിരുന്നു. കൊയിലാണ്ടി സിവില്‍ സ്റ്റേഷന് സമീപം 23 ലക്ഷം ലിറ്റര്‍ സംഭരണശേഷിയുള്ള ടാങ്ക്, വലിയമലയില്‍ 17 ലക്ഷം ലിറ്റര്‍ ശേഷിയുള്ള ടാങ്ക്, കോട്ടക്കുന്നില്‍ 17 ലക്ഷം ലിറ്റര്‍ ശേഷിയുള്ള ടാങ്ക് എന്നിങ്ങനെ 3 ടാങ്കുകളാണ് സ്ഥാപിച്ചിട്ടുള്ളത്. ഈ ടാങ്കുകളില്‍ നിന്നും കൊയിലാണ്ടി നഗരസഭയിലെ കുടിവെള്ളക്ഷാമം നേരിടുന്ന വിവിധ ഭാഗങ്ങളിലേക്ക് കുടിവെള്ളം എത്തിക്കാന്‍ വിതരണ ശൃംഖലയുടെ നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്നതോട് കൂടെ സാധിക്കും. പദ്ധതിക്ക് നേരത്തെ ഭരണാനുമതി ലഭിച്ചിട്ടുണ്ടായിരുന്നു. ധനാനുമതി കൂടെ ലഭിച്ച സാഹചര്യത്തില്‍ പെട്ടെന്ന് തന്നെ സങ്കേതികാനുമതി വാങ്ങി പ്രവര്‍ത്തി ആരംഭിക്കാന്‍ കഴിയും.