കൊയിലാണ്ടി ബി ഇ എം യു പി സ്കൂൾ പുതിയ കെട്ടിടോദ്ഘാടനം 28ന്
കൊയിലാണ്ടി: ബി ഇ എം യു പി സ്കൂൾ പുതിയ കെട്ടിടോദ്ഘാടനം ഈ മാസം 28ന് വൈകീട്ട് നാലിന് നടക്കും. പന്തലായനി യു.പി. സ്കൂൾ പുതിയ മാനേജ്മെന്‍റിന് കീഴിൽ ബി.ഇ.എം യു.പി സ്കൂൾ, കൊയിലാണ്ടി എന്നായി പ്രവർത്തനം ആരംഭിച്ചിട്ട് അഞ്ച് വർഷം തികയുകയാണ്. കൊയിലാണ്ടിയുടെ വിദ്യാഭ്യാസരംഗത്തിന്‍റെ ഇന്നലകൾ പന്തലായനി യു.പി സ്കൂളിന്‍റെ കൂടി ചരിത്രമാണ്.
ഈ നാടിന്‍റെ വിദ്യാഭ്യാസ രംഗത്ത് ഈ വിദ്യാലയം വഹിച്ച പങ്ക് ചരിത്രത്തിന്‍റെ ഭാഗമാണിന്ന്. നിലവിൽ എല്ലാ ആധുനിക സൗകര്യങ്ങളോടും കൂടിയ പുതിയ കെട്ടിടം യാഥാർത്ഥ്യമായിരിക്കുകയാണ്. കെട്ടിടോദ്ഘാടനം നാടിന്‍റെ ഉത്സവമാക്കി മാറ്റാനുള്ള ഒരുക്കങ്ങൾ പൂർത്തിയായി കഴിഞ്ഞു. ഇതിനായി വിപുലമായ സ്വാഗത സംഘ കമ്മിറ്റി രൂപവൽകരിച്ചു, പ്രവർത്തിക്കുകയാണ്. ഉദ്ഘാടനത്തോടനുബന്ധിച്ച് പൂർവ വിദ്യാർഥി സംഗമം, കലാവിരുന്ന്, ഗാനമേള-മിമിക്സ് `മെഗാഷോ’ തുടങ്ങിയ പരിപാടികൾ നടക്കും.
കെട്ടിടത്തിന്‍റെ ഉദ്ഘാടനം സി.എസ്.ഐ മലബാർ മഹാ ഇടവക ബിഷപ്പ് റൈറ്റ്. റവ. ഡോ. റോയ്സ് മനോജ് വിക്ടർ നിർവഹിക്കും. കാനത്തിൽ ജമീല എം.എൽ.എ മുഖ്യാതിഥിയാകും. കോർപ്പറേറ്റ് മാനേജർ സുനിൽ പുതിയാട്ടിൽ ഉപഹാര സമർപ്പണം നടത്തും. ചടങ്ങിൽ നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട് അധ്യക്ഷത വഹിക്കും. പ്രധാനാധ്യാപകൻ കെ. ഗിരിഷ് റിപ്പോർട്ട് അവതരിപ്പിക്കും. വിവിധ സംഘടനാപ്രതിനിധികളും മറ്റും ചടങ്ങിൽ ആശംസകളർപ്പിച്ച് സംസാരിക്കുമെന്ന് വാർത്താ സമ്മേളനത്തിൽ സ്വാഗതം സംഘം ചെയർമാൻ ഇ.കെ. അജിത്ത് മാസ്റ്റർ, കൺവീനർ പി.പി..രാജീവൻ, പി.ടി.എ പ്രസിഡൻ്റ് വി.എം. വിനോദൻ, പ്രധാനധ്യാപകൻ കെ.ഗിരീഷ്, പബ്ലിസിറ്റി വൈസ് ചെയർമാൻ അനൂപ് അനന്തൻ എന്നിവർ അറിയിച്ചു.