LOCAL NEWS
കൊയിലാണ്ടി മണ്ഡലത്തിലെ കടലേറ്റ ഭീഷണി നിലനിൽക്കുന്ന മേഖലകളിൽ ചെറു പുലിമുട്ടുകൾ നിർമിക്കാനുളള പദ്ധതി എങ്ങുമെത്തിയില്ല
കൊയിലാണ്ടി : കൊയിലാണ്ടി മണ്ഡലത്തിലെ കടലേറ്റ ഭീഷണി നിലനിൽക്കുന്ന മേഖലകളിൽ ചെറു പുലിമുട്ടുകൾ നിർമിക്കാനുളള പദ്ധതി എങ്ങുമെത്തിയില്ല. പദ്ധതിക്ക് അംഗീകാരം നൽകണമെന്ന തീരദേശവാസികളുടെ ആവശ്യം ഇനിയും നടപ്പായില്ല. കടലേറ്റം ശാശ്വതമായി തടയുന്നതിനായി കൊയിലാണ്ടി ഹാർബറിനും തുവ്വപ്പാറയ്ക്കും ഇടയിൽ 16 പുലിമുട്ടുകൾ നിർമിക്കാനുള്ള നിർദേശം മേജർ ഇറിഗേഷൻ വകുപ്പ് സർക്കാരിന് സമർപ്പിച്ചിട്ട് രണ്ടുവർഷത്തോളമായി. മിനി പുലിമുട്ടുകളുടേതടക്കമുളള തീരസംരക്ഷണകാര്യങ്ങൾ പഠിക്കാൻവേണ്ടി പുണെയിലുള്ള കേന്ദ്ര ഏജൻസിയായ സി.ഡബ്ള്യു.പി.ആർ.എസ്. (സെൻട്രൽ വാട്ടർപവർ റിസർച്ച് സ്റ്റേഷൻ)എന്ന പൊതുമേഖലാസ്ഥാപനത്തെ ചുമതലപ്പെടുത്തിയിരുന്നു. പുലിമുട്ടുകളുടെ ശ്രേണി നിർമിച്ചാൽ മാത്രമേ എല്ലാ വർഷവും സംഭവിക്കുന്ന കടലേറ്റത്തിന് ശാശ്വത പരിഹാരം ഉണ്ടാവുകയുള്ളൂ.
കൊയിലാണ്ടി മണ്ഡലത്തിൽ കടൽഭിത്തി സംരക്ഷണത്തിന് 10 കോടി രൂപയുടെ പദ്ധതി തയ്യാറാക്കി സർക്കാരിലേക്ക് സമപ്പിച്ചിരുന്നു. 2021 മേയ് മാസമുണ്ടായ കടൽക്ഷോഭത്തിൽ മണ്ഡലത്തിലെ പലഭാഗത്തും കടൽഭിത്തി തകർന്നിരുന്നു. ഈ കടൽഭിത്തി പുനർനിർമിക്കാനാണ് 10 കോടിയുടെ എസ്റ്റിമേറ്റ് മേജർ ഇറിഗേഷൻവകുപ്പ് തയ്യാറാക്കി സർക്കാരിന് സമർപ്പിച്ചത്. പൊയിൽക്കാവുമുതൽ കാപ്പാട് തുവ്വപ്പാറ വരെയുളള റോഡ് പ്രധാനമന്ത്രിയുടെ ഗ്രാമീണ സഡക് യോജന പദ്ധതിപ്രകാരം ഒരുകോടി 14 ലക്ഷം രൂപ ചെലവിൽ 2020 പുനർനിർമിച്ചതായിരുന്നു. ഈ റോഡും കടൽക്ഷോഭത്തിൽ പൂർണമായി തകർന്നുകിടപ്പാണ്. ഈ റോഡിന് അഞ്ചുവർഷ ഗാരന്റി കാലാവധിയുള്ളതിനാൽ തകർന്ന ഭാഗങ്ങൾ പുനർനിർമിക്കേണ്ട ബാധ്യത കരാറുകാർക്കുണ്ട്.
Comments