കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിലെ പുതിയ കെട്ടിടത്തിൽ ടിക്കറ്റ് കൗണ്ടർ പ്രവർത്തിച്ചു തുടങ്ങി
കൊയിലാണ്ടി: കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിലെ പുതിയ കെട്ടിടത്തിൽ ടിക്കറ്റ് കൗണ്ടർ പ്രവർത്തിച്ചു തുടങ്ങി. ഔദ്യോഗിക ഉദ്ഘാടനമോ, ചടങ്ങുകളോ ഇല്ലാതെ ഇന്നലെ മുതലാണ് കൗണ്ടർ പ്രവർത്തിച്ചു തുടങ്ങിയത്. നേരത്തെ പഴയ കെട്ടിടത്തിൽ യാതൊരു സൗകര്യവുമില്ലാത്ത സ്ഥിതിയിലായിരുന്നു ടിക്കറ്റ് കൗണ്ടർ പ്രവർത്തിച്ചത്. പുതിയ കെട്ടിടത്തിൻ്റെ നിർമ്മാണ പ്രവൃത്തി പൂർത്തിയായിട്ട് കുറച്ചു കാലമായെങ്കിലും അതിൻ്റെ ഗുണഫലങ്ങൾ യാത്രക്കാർക്ക് ലഭ്യമാവുന്ന സ്ഥിതി ഇനിയുമായിട്ടില്ല.
യാത്രക്കാർക്കുള്ള വിശ്രമമുറി, ശൗചാലയം എന്നിവ ഇപ്പോഴും പ്രവർത്തനം തുടങ്ങാത്ത അവസ്ഥയിലാണ്. ടിക്കറ്റ് കൗണ്ടർ മൂന്നെണ്ണത്തിന് പുതിയ കെട്ടിടത്തിൽ സൗകര്യമുണ്ടങ്കിലും ഒന്നു മാത്രമാണ് പ്രവർത്തിക്കുക. സാധാരണ ടിക്കറ്റും, റിസർവേഷൻ ടിക്കറ്റും എല്ലാം കൂടി ഒരു കൗണ്ടറിൽത്തന്നെയാവും തുടരുക. ഇതു മൂലം യാത്രക്കാർക്കുണ്ടാകുന്ന പ്രയാസത്തിന് എന്നറുതി വരുമെന്ന് അധികൃതർക്ക് തന്നെ മറുപടിയില്ല. റെയിൽവേ ഒന്നാകെ സ്വകാര്യവൽക്കരണത്തിൻ്റെ പാളത്തിൽ ഓടുന്ന സ്ഥിതിക്ക് “ലാഭകരമല്ല” എന്ന വിശദീകരണമാണ് രണ്ടാം ടിക്കറ്റ് കൗണ്ടറിൻ്റെ കാര്യത്തിൽ റെയിൽവേക്ക് നൽകാനുള്ളത്. സാധാരണ ടിക്കറ്റും, റിസർവേഷൻ ടിക്കറ്റും രണ്ടു കൗണ്ടറുകളിൽ നിന്ന് ലഭിക്കാൻ കൊയിലാണ്ടിയിലെ യാത്രക്കാർ ഇനിയുമേറെ കാത്തിരിക്കേണ്ടി വരും എന്നർത്ഥം.