KOYILANDILOCAL NEWS

കൊയിലാണ്ടി വഗാഡിൻ്റെ ലോറി ട്രാൻസ്ഫോർമറും ഇലക്ട്രിക് പോസ്റ്റുകളും ഇടിച്ച് തകർത്തു. 3 പേർക്ക് ഗുരുതര പരിക്ക്

കൊയിലാണ്ടി: വഗാഡിൻ്റെ ലോറി ട്രാൻസ്ഫോർമറും ഇലക്ട്രിക് പോസ്റ്റുകളും ഇടിച്ച് തകർത്തു. 3 പേർക്ക് ഗുരുതര പരിക്ക്. കൊയിലാണ്ടി മുത്താമ്പി റോഡിലെ അണ്ടർപ്പാസിന് സമീപം രാത്രി 11.30 മണിയോടുകൂടിയാണ് സംഭവം. 6 ബൈക്കുകളും തകർന്നിട്ടുണ്ട്. അണ്ടർപ്പാസിൻ്റെ തെക്ക് ഭാഗത്ത് നിന്ന് വന്ന ലോറി ആദ്യം ട്രാൻസ്ഫോർമർ ഇടിച്ചിട്ടതിന്ശേഷം നിർത്താതെ പോകുകയും തയ്യിൽ മുക്ക് വരെയുള്ള 10 ഓളം ഇലക്ടിക് പോസ്റ്റുകൾ വലിച്ച് കൊണ്ടുപോകുകയായിരുന്നു. ഇതിനിടെ അത് വഴി പോകുകയായിരുന്ന 3 ബൈക്ക് യാത്രക്കാർ പോസ്റ്റിനും ലൈനുകൾക്കും ഇടയിൽപ്പെട്ട് ഗുരുതരമായി പരിക്കേറ്റു. ഇവരെ പോലീസ് എത്തിയശേഷമാണ് താലൂക്കാശുപത്രിയിലേക്ക് മാറ്റിയത്.

ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാർ ലോറി തടഞ്ഞ് നിർത്തുകയായിരുന്നു. ഡ്രൈവർ മദ്യപിച്ചതായി നാട്ടുകാർ പറഞ്ഞു. പിറകെ വന്ന വഗാഡിൻ്റെ മറ്റ് ലോറികളിലെ ഡ്രൈവർമാരും മദ്യപിച്ച് വാഹനംഓടിക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നു. കെ.എസ്.ഇ.ബി. അധികൃതരെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും ഫോൺ ഏറെനേരം എടുക്കാതായെന്നാണ് നാട്ടുകാർ പറയുന്നത്. ലൈൻ ഓഫാക്കാതെ രക്ഷാ പ്രവർത്തനം നടത്താൻ സാധിക്കാത്ത അവസ്ഥയായിരുന്നു. വിവരമറിയിച്ചിട്ടും കൊയിലാണ്ടി പോലീസ് സ്ഥലത്ത് എത്താൻ വൈകിയതും നാട്ടുകാരിൽ കടുത്ത പ്രതിഷേധമാണ് ഉയർത്തിയത്.

പിന്നീട് പരിചയമുള്ള ഒരു കെ.എസ്.ഇ.ബി. ജീവനക്കാരനെ വിവരമറിയിച്ചതിന്ശേഷമാണ് ലൈൻ ഓഫാക്കിയത്. തുടർന്ന് നാട്ടുകാരും പോലീസും ചേർന്ന് പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. കൊയിലാണ്ടിയിൽ നിന്ന് നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് അഗ്നിരക്ഷാ സേനയും എത്തിയിരുന്നു. ലോറി ഡ്രൈവർ ലഹരി ഉപയോഗിച്ചിട്ടുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. പുറത്തിറങ്ങി ഡ്രൈവർക്ക് എഴുന്നേറ്റ് നിൽക്കാൻ പറ്റാത്ത അവസ്ഥയായിരുന്നു. ലോറിക്ക് മീതെ പോസ്റ്റും ലൈനും കുടുങ്ങിയിട്ടും ലോറി ഇതെല്ലാ കെട്ടിവലിച്ച് സമീപത്തെ വീടുകളുടെ മതിലുകൾ തകർത്ത് ഏറെ നേരം മുന്നോട്ട് പോയതായി നാട്ടുകാർ പറഞ്ഞു. പ്രദേശത്തെ വൈദ്യുതിബന്ധം പൂർണ്ണമായും നിലച്ചു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button