വ.ഡി സതീശന് എതിരെ പോസ്റ്റർ. ഡി.സി.സി പട്ടിക ഇന്നു പൂർത്തിയായേക്കും
പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെതിരെ എറണാകുളത്ത് ഡിസിസി ഓഫിസിനു മുന്നിലെ മതിലിലാണ് പോസ്റ്ററുകൾ പതിച്ചത്. യഥാർത്ഥ കോൺഗ്രസ്സ് പ്രവർത്തകർ എന്ന പേരിലാണ് പോസ്റ്ററുകൾ.
മുതിർന്ന നേതാക്കളെ അവഗണിക്കുന്ന പൊയ്മുഖം തിരിച്ചറിയണമെന്നും ഗ്രൂപ്പില്ലെന്നും പറഞ്ഞ സതീശൻ പുതിയ ഗ്രൂപ്പ് ഉണ്ടാക്കുന്നെന്നുമാണ് പോസ്റ്ററിലെ ആരോപണങ്ങൾ. ജില്ലയില്‍ കോണ്‍ഗ്രസിന് സീറ്റുകള്‍ നഷ്ടപ്പെട്ടാലും തന്റെ ഗ്രൂപ്പുകാരന്‍ തന്നെ ഡിസിസി പ്രസിഡന്റാകണമെന്ന വി.ഡി.സതീശന്റെ പിടിവാശി അവസാനിപ്പിക്കണമെന്നും പോസ്റ്ററിൽ പറയുന്നു.
ഡിസിസി അധ്യക്ഷ പട്ടിക പ്രഖ്യാപിക്കുന്നതിന് മുൻപുള്ള നിർണായക ചർച്ച ഇന്ന് ഡൽഹിയിൽ നടക്കാനിരിക്കെയാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ എഐസിസി സംഘടന ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ സംസ്ഥാനത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി താരിഖ് അൻവർ എന്നിവർ ചേർന്നാണ് ഇന്ന് ചർച്ച നടത്തുന്നത്.
പട്ടികയ്ക്ക് ഇന്ന് അന്തിമ രൂപമായേക്കും. കൊല്ലം, ആലപ്പുഴ, പാലക്കാട് ജില്ലകളൊഴികെ മറ്റ് എല്ലായിടത്തും ഒറ്റപ്പേരിലേക്ക് എത്താൻ സാധിച്ചിട്ടുണ്ട്. ചുരുക്ക പട്ടിക ഓഗസ്റ്റ് 13ന് ഹൈക്കമാന്റിന് കൈമാറിയിരുന്നെങ്കിലും രമേശ് ചെന്നിത്തല, ഉമ്മൻചാണ്ടി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ പരാതി ഉന്നയിച്ച സാഹചര്യത്തിലാണ് വീണ്ടും ചർച്ച നടക്കുന്നത്. എല്ലാവരുമായും കൂടിയാലോചന നടത്തിയ ശേഷം തീരുമാനമെടുക്കാനാണ് സോണിയ ഗാന്ധി നൽകിയിരിക്കുന്ന നിർദേശം.