KERALA

കൊറോണയെ തുരത്താന്‍ കേരള സോപ്‌സിന്റെ സാനിറ്റൈസറും


കേരള സ്‌റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസ് യൂണിറ്റായ കേരള സോപ്‌സില്‍ നിന്നും സാനിറ്റൈസറും വിപണിയിലേക്ക്. സാനിറ്റൈസറിന്റെ വിതരണോദ്ഘാടനം വെള്ളയില്‍ ഗാന്ധി റോഡ് കേരള സോപ്പ്‌സ് പരിസരത്ത് എ പ്രദീപ് കുമാര്‍ എം എല്‍ എ നിര്‍വ്വഹിച്ചു.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന് ആവശ്യമായ ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ തയ്യാറാക്കാന്‍ മുഖ്യമന്ത്രി വ്യവസായ വകുപ്പിനെ ചുമതലപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിലാണ് സാനിറ്റൈസര്‍ ഉത്പാദിപ്പിക്കുന്നതിന്  വ്യവസായ മന്ത്രി കേരള സോപ്പിനെ ചുമതലപ്പെടുത്തിയത്. ലോകാരോഗ്യ സംഘടനയുടെ മാനദണ്ങ്ങള്‍ അനുസരിച്ച് ഉന്നത നിലവാരത്തിലുള്ള സാനിറ്റൈസറാണിവിടെ തയ്യാറാക്കുന്നത്.

60,000 ത്തോളം ബോട്ടിലുകള്‍ വിപണിയിലെത്തിക്കാനാണ് ലക്ഷ്യമിടുന്നത്. ആദ്യഘട്ടമെന്ന നിലയില്‍ 100 മില്ലി ലിറ്ററിന്റെ 25,000 ബോട്ടിലും 200 മില്ലി ലിറ്ററിന്റെ 15,000 ബോട്ടിലുമാണ് ഉല്‍പാദിപ്പിച്ചത്. ഇതിനാവശ്യമായ എത്തനോള്‍ (സ്പിരിറ്റ്) 5000 ലിറ്റര്‍ എക്‌സൈസ് വകുപ്പിന്റെ സഹായത്തോടെ ലഭ്യമായി. തുടക്കത്തില്‍ 100 എംഎല്‍, 200 എംഎല്‍ ബോട്ടിലുകള്‍ യഥാക്രമം 49, 99 രൂപയ്ക്കാണ് ലഭ്യമാവുക. കണ്‍സ്യൂമര്‍ ഫെഡ്, നീതി മെഡിക്കല്‍ സ്‌റ്റോര്‍ എന്നിവ വഴിയും ആവശ്യമെങ്കില്‍ നേരിട്ടും സാനിറ്റൈസര്‍ ലഭിക്കും. കെഎസ്‌ഐഇ യുടെ എയര്‍ കാര്‍ഗോ കോംപ്ലക്‌സിലാണ് ഉല്‍പ്പാദനം നടത്തുന്നത്. ഉല്‍പാദനക്ഷമത കൂട്ടുന്നതിന്റെ ഭാഗമായി അടുത്ത് തന്നെ ഫില്ലിംഗ് മെഷീനും സ്ഥാപിക്കുമെന്ന് കെഎസ്‌ഐഇ മാനേജിംഗ് ഡയറക്ടര്‍ വി ജയകുമാരന്‍ പിള്ള അറിയിച്ചു.

കേരള സോപ്‌സ് നിലവില്‍ വിവിധ 6 ബ്രാന്‍ഡുകളിലായി 14 തരത്തിലുള്ള സോപ്പുകള്‍ വിപണിയിലെത്തിച്ചിട്ടുണ്ട്. കൊറോണയെ പ്രതിരോധിക്കാന്‍ ലോകമാകെ സോപ്പും സാനിറ്റൈസും ഉപയോഗിക്കുമ്പോള്‍ ഗുണമേന്മയുള്ള സോപ്പുകളും സാനിറ്റൈസറും വിപണിയിലെത്തിക്കാനുള്ള ശ്രമത്തിലാണ് കേരള സോപ്‌സെന്ന് കെഎസ്‌ഐഇ ചെയര്‍മാന്‍ സക്കറിയ തോമസ് പറഞ്ഞു.

പരിപാടിയില്‍ ജനറല്‍ മാനേജര്‍ വി ശശികുമാര്‍, അസിസ്റ്റന്റ് പ്രൊഡക്ഷന്‍ മാനേജര്‍ വി ഷബീറലി, കേരള സോപ്‌സ് എംപ്ലോയീസ് യൂണിയന്‍ (സിഐടിയു) ജനറല്‍ സെക്രട്ടറി എംഎം സുഭീഷ് തുടങ്ങിയവര്‍ പങ്കെടുത്തു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button