കൊലവിളി പ്രസംഗം; മണിയാശാനെ കടത്തിവെട്ടാൻ സി വി വർഗ്ഗീസ്
ഇടുക്കി: എം എം മണിയാശാന് ഗുരുവിനേക്കാൾ പ്രഗത്ഭനായ ഒരു ശിഷ്യൻ പിറവിയെടുത്തതായി ഇടുക്കിയിലെ അനുയായികളും എതിരാളികളും ഒരുപോലെ ഉറപ്പിക്കുന്നു. സി പി ഐ (എം) ഇടുക്കി ജില്ലാ സെക്രട്ടറിയായ സി വി വർഗ്ഗീസാണ് കൊലവിളി പ്രസംഗത്തിന് മണിയാശാനെ കടത്തിവെട്ടിയത്. എസ് എഫ് ഐ നേതാവ് ധീരജിനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ യൂത്ത് കോൺഗ്രസ് നേതാവ് നിഖിൽ പൈലിക്കു സ്വീകരണം നൽകാൻ കോൺഗ്രസുകാർ പരലോകത്തു പോകേണ്ടിവരുമെന്നാണ് സി വി വർഗ്ഗീസ് ക്യാമറകൾക്ക് മുമ്പിൽ വെല്ലുവിളി പ്രസംഗം നടത്തിയത്. നിഖിൽ പൈലിയുടെ ശിഷ്ടജീവിതം കാരാഗൃഹത്തിനുള്ളിലായിരിക്കുമെന്നു സിപിഎം ഉറപ്പു വരുത്തുമെന്നും സി.വി.വർഗീസ് പറഞ്ഞു.നിഖിൽ പൈലിയെ പുറത്തിറക്കാൻ കെ സുധാകരനല്ല, കോൺഗ്രസ് ഒന്നാകെ വന്നാലും അതിനു ഞങ്ങൾ അനുവദിക്കില്ല. അടുത്ത തിരഞ്ഞെടുപ്പിൽ ഇടുക്കി എം പി ഡീൻ കുര്യാക്കോസിനെ ഉടുമുണ്ടില്ലാതെ ഇടുക്കിയിൽ നിന്ന് ഓടിക്കുമെന്നും, സിപിഎം ജില്ലാ സെക്രട്ടറിയുടെ പ്രസംഗം ഇങ്ങനെ നീണ്ടു.
എസ്എഫ്ഐ നേതാവ് അനീഷ് രാജന്റെ പത്താം രക്തസാക്ഷിത്വ ദിനാചരണവും എ കെ ജി, ഇ എം എസ് അനുസ്മരണവും നെടുങ്കണ്ടത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു വർഗീസ്. കെ പി സി സി പ്രസിഡണ്ട് കെ സുധാകരൻ്റെ ജീവൻ സി പി എമ്മിൻ്റെ ഭിക്ഷയാണെന്ന വർഗ്ഗീസിൻ്റെ പ്രസംഗം നേരത്തെ വിവാദമായിരുന്നു