SPECIAL

കൊളസ്ട്രോൾ മുതൽ കാൻസർ വരെ; പരിഹാരം സബർജെല്ലിയിലുണ്ട്

പഴങ്ങൾ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യുന്നവയാണ്. പഴങ്ങൾ എന്നു കേൾക്കുമ്പോൾ വാഴപ്പഴം, ആപ്പിൾ, ഓറഞ്ച്, മുന്തിരി ഇവയെല്ലാമാണ് മനസ്സിൽ വരുക എന്നാൽ അധികം ശ്രദ്ധിക്കാതെ പോകുന്ന, എപ്പോഴും ലഭ്യമല്ലാത്ത ചില പഴങ്ങളും ഉണ്ട്. സബർജെല്ലി (സബർജിൽ) അത്തരത്തിലുള്ള ഒന്നാണ്. ആപ്പിൾ, പയർ ഇവയെപ്പോലെ Rosaceae കുടുംബത്തിൽപ്പെട്ട ഫലമാണ് സബർജിൽ. ആരോഗ്യ ഗുണങ്ങളുടെ കാര്യത്തിൽ മറ്റു പഴങ്ങളെപ്പോലെയോ അതിലധികമോ സമ്പന്നവും .

 

പച്ച നിറത്തിലുള്ള സബർജിൽ പഴുക്കുമ്പോൾ സുവർണ മഞ്ഞ നിറമാകും. ചവർപ്പും മധുരവും ചേർന്ന ഒരു രുചിയാണ് ഈ പഴത്തിന്. ജീവകം എ, ബി, സി, ഫൈബർ കൂടാതെ ധാതുക്കളായ പൊട്ടാസ്യം, കോപ്പർ, സെലെനിയം, സിങ്ക്, ഫോസ്ഫറസ്, കാൽസ്യം, അയൺ, മഗ്നീഷ്യം, എന്നീ ധാതുക്കളും ഉണ്ട്. കൊഴുപ്പ് വളരെ കുറവും ആണിതിൽ.

 

പഴുത്ത സബർജിൽ ജീവകം സിയുടെ കലവറയാണ്. ദിവസവും ആവശ്യമുള്ളതിന്റെ 25 ശതമാനം ജീവകം സി ഇതിൽ നിന്നു ലഭിക്കും. രോഗപ്രതിരോധശക്തി വർധിപ്പിക്കുന്നതോടൊപ്പം ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങളും ഉണ്ട്.

 

∙കാലറി വളരെ കുറഞ്ഞ സബർജില്ലിൽ ഭക്ഷ്യനാരുകൾ ധാരാളം ഉണ്ട്. 100 ഗ്രാമിൽ 57 കാലറി മാത്രമേ ഉള്ളൂ. സാച്ചുറേറ്റഡ് ഫാറ്റ്, സോഡിയം, കൊളസ്ട്രോൾ ഇവയും കുറവാണ്. ഈ ഗുണങ്ങളെല്ലാം ശരീരഭാരം കുറയ്ക്കാനും ആരോഗ്യത്തിനും ഏറെ നല്ലതാണ്.

 

∙കുടൽ വ്രണം അകറ്റുന്നു. സബർജിൽ ജ്യൂസ് വയറിലെ അൾസറിന് ഏറെ നല്ലതാണ്.

 

∙അതിസാരം, മലബന്ധം ഇവ അകറ്റാനും കുടലിലെ അണുബാധകൾ അകറ്റാനും ഉത്തമം.

 

∙പോളിഫിനോളിക് സംയുക്തങ്ങൾ അടങ്ങിയതിനാൽ ആന്റി ഓക്സിഡന്റ് ഗുണങ്ങൾ സബർജില്ലിനുണ്ട്. പ്രായമാകൽ (Ageing) സാവധാനത്തിലാക്കുന്നു. ഹൃദയസംബന്ധമായ അസുഖങ്ങളെയും പക്ഷാഘാതത്തെയും തടയാൻ സഹായിക്കുന്നു.

 

∙ഓക്കാനം, ഛർദ്ദി ഇവ അകറ്റുന്നു. ഡൈയൂറെറ്റിക് ഗുണങ്ങളും ഇതിനുണ്ട്.

 

∙ആന്റി വൈറൽ ഗുണങ്ങൾ സബർജില്ലിനുണ്ട്. ജലദോഷം, പനി, മറ്റ് വൈറൽ രോഗങ്ങൾ ഇവയിൽ നിന്നെല്ലാം സംരക്ഷണമേകുന്നു.

 

∙പൊട്ടാസ്യം ധാരാളം ഉള്ളതിനാൽ രക്തസമ്മർദം കുറയ്ക്കാൻ സഹായിക്കുന്നു.

 

∙പതിവായി സബർജെല്ലി കഴിക്കുന്നത് എൽഡിഎൽ അഥവാ ചീത്ത കൊളസ്ട്രോൾ കുറയ്ക്കുന്നു. ഹൃദയത്തെ ആരോഗ്യമുള്ളതാക്കുന്നു.

 

∙സബർജില്ലിന്റെ ആന്റി ഓക്സിഡന്റ് ഗുണങ്ങൾ, ഫ്രീ റാഡിക്കലുകളോട് പൊരുതി അർബുദകോശങ്ങളെ നശിപ്പിക്കാൻ സഹായിക്കുന്നു. ഇതിൽ പൾപ്പിൽ ടാനിനുകൾ എന്നറിയപ്പെടുന്ന ആസ്ട്രിൻജെന്റ് സംയുക്തങ്ങളായ കറ്റേച്ചിൻ, എപ്പികറ്റേച്ചിൻ ഇവ അടങ്ങിയിട്ടുണ്ട്. ഈ ടാനിനുകൾ, കാൻസറിൽ നിന്ന് മ്യൂക്കസ് സ്തരങ്ങളെ സംരക്ഷിക്കുന്നു.

 

∙സബർജെല്ലിലെ ആന്റി ഓക്സിഡന്റുകൾ മനസ്സിനെ ശാന്തമാക്കാനും സ്ട്രെസ്സ് അകറ്റാനും സഹായിക്കുന്നു.

 

∙പതിവായി സബർജിൽ കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. ചൈനയിൽ സബർജില്ലിന്റെ  കുരു കുതിർത്ത് വേവിച്ചത് നേത്ര രോഗ ചികിത്സയിൽ ഉപയോഗിച്ചു വരുന്നു. കൂടാതെ തൊണ്ടവേദന, ഇൻഫ്ലമേഷൻ ഇവയും അകറ്റുന്നു.

 

∙സബർജിൽ ജ്യൂസ് ഹൃദയസംബന്ധമായ രോഗങ്ങൾ, ശ്വസനപ്രശ്നങ്ങൾ, വിളർച്ച, ആസ്മ ഇവയ്ക്ക് ഫലപ്രദമാണ്. ടി.ബി, വയറുകടി മുതലായവയ്ക്കും സബർജിൽ ജ്യൂസ് നല്ലതാണ്.

 

ഇനി പഴങ്ങൾ എന്നു കേൾക്കുമ്പോൾ ആരോഗ്യ ഗുണങ്ങളുടെ കലവറയായ സബർജില്ലിനെയും ഓർക്കുക.
Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button