CALICUTDISTRICT NEWS

കോട്ടപ്പറമ്പ് ആശുപത്രിയില്‍ കോവിഡ് വാര്‍ഡ് പ്രവര്‍ത്തനക്ഷമമായി

കോഴിക്കോട് കോട്ടപ്പറമ്പ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ കോവിഡ് വാര്‍ഡ് പ്രവര്‍ത്തനക്ഷമമായി.  നവീകരിച്ച കോവിഡ് വാര്‍ഡ് തുറമുഖം മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഉദ്ഘാടനം ചെയ്തു.   നാഷണല്‍ ഹെല്‍ത്ത് മിഷന്‍ നിര്‍മിച്ച 50 ബെഡുള്ള എം.സി.എച്ച് കെട്ടിടത്തില്‍ കോവിഡ് പോസിറ്റീവായ ഗര്‍ഭിണികള്‍ക്കായി പ്രത്യേക വാര്‍ഡും ലേബര്‍ സ്യൂട്ടും ഓപ്പറേഷന്‍ തിയേറ്ററുമാണ് സജ്ജമാക്കിയത്.

കേന്ദ്രീകൃത ഓക്സിജന്‍ വിതരണ സംവിധാനത്തിന്റെയും ഓപ്പറേഷന്‍ തിയറ്ററിന്റെയും ഉദ്ഘാടനം പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി അഡ്വ. പി.എ മുഹമ്മദ് റിയാസ് നിര്‍വഹിച്ചു.  അദ്ധ്യാപക സംഘടനയായ കെ.എസ്.ടി.എ  ആവിഷ്കരിച്ച’ അരികിലുണ്ട് അധ്യാപകര്‍’ എന്ന പദ്ധതി പ്രകാരം ഏഴര ലക്ഷം രൂപ ചെലവിലാണ് കേന്ദ്രീകൃത ഓക്സിജന്‍ വിതരണ സംവിധാനം വാര്‍ഡില്‍ സ്ഥാപിച്ചത്.

കേരള സാമൂഹ്യസുരക്ഷാ മിഷന്‍ തയ്യാറാക്കിയ കോവിഡ് ബോധവത്ക്കരണ വീഡിയോ പ്രകാശനവും മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിര്‍വഹിച്ചു.   കോവിഡ് രണ്ടാംതരംഗത്തിന്റെ രൂക്ഷത ഏറെകുറേ കുറഞ്ഞുവരികയാണ്. ഇത് അമിത ആത്മവിശ്വാസത്തിലേക്കും ശ്രദ്ധകുറവിലേക്കും പോകാന്‍ ഇടവരരുത്. മൂന്നാം തരംഗത്തിന്റെ സാഹചര്യം മനസിലാക്കികൊണ്ട് വലിയ മുന്‍കരുതല്‍ എടുക്കണമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു.

ചടങ്ങില്‍ ജില്ലാ കലക്ടര്‍ സാംബശിവ റാവു, കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ സി.പി  മുസാഫിര്‍ അഹമ്മദ്, അഡീ. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.പീയൂഷ് നമ്പൂതിരിപ്പാട്, നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. എ.നവീന്‍, ആശുപത്രി സൂപ്രണ്ട് ഡോ. സുജാത എം, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. അബ്ബാസ്.കെ, വാര്‍ഡ് കൗണ്‍സിലര്‍ എസ്.കെ അബൂബക്കര്‍, സി.പി.എം ജില്ലാ സെക്രട്ടറി പി മോഹനന്‍ മാസ്റ്റര്‍, കെ.എസ്.ടി.എ സംസ്ഥാന എക്സിക്യൂട്ടീവ് മെംബര്‍മാരായ വി.പി രാജീവന്‍, പി.എസ് സ്മിജ, കെ.എസ്.ടി.എ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സജീഷ് നാരായണന്‍, സി സതീശന്‍, കെ.എസ്.ടി.എ ജില്ലാസെക്രട്ടറി ബി മധു, ജില്ലാ പ്രസിഡന്റ് എന്‍. സന്തോഷ്‌കുമാര്‍, ജില്ലാ ട്രഷറര്‍ എം. ഷീജ തുടങ്ങിയവര്‍ പങ്കെടുത്തു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button