കോട്ടയത്ത് ഭര്‍ത്താവ് ഭാര്യയുടെ കൈവെട്ടി
കോട്ടയത്ത് ഭാര്യയ്ക്ക് നേരെ ഭര്‍ത്താവിന്‍റെ ക്രൂര ആക്രമണം. കാണക്കാരി റെയില്‍വേ ക്രോസിനു സമീപം വാടകയ്ക്ക് താമസിക്കുന്ന മഞ്ജുവിന്‍റെ (42) കൈയാണ് ഭർത്താവായ പ്രദീപ് വെട്ടിയത്. മഞ്ജുവിന്‍റെ രണ്ട് കയ്യും പ്രദീപ് വെട്ടുകയായിരുന്നു. കുടുംബ വഴക്കിനെ തുടർന്ന് അക്രമെന്നാണ് ലഭ്യമാകുന്ന വിവരങ്ങൾ.
ഒരു കൈ അറ്റുതൂങ്ങിയ നിലയിലായിരുന്നു. വലത് കൈയിലെ മൂന്ന് വിരലുകൾ അറ്റുപോയി. ചുണ്ടിനും പുറത്ത് തോളെല്ലിനും വെട്ടേറ്റിട്ടുണ്ട്. തലയ്ക്ക് പുറത്ത് അടിയേറ്റ പരിക്കുണ്ട്. കോട്ടയം മെഡിക്കൽ കോളേജ് ഐസിയുവിൽ റെഡ് സോണിലാണ് മഞ്ജുവുള്ളത്. വിരലുകൾ തുന്നിചേർക്കാൻ തുടർ ശസ്ത്രക്രിയകൾ നടത്താനാണ് ശ്രമിക്കുന്നതെന്ന് ഡോക്ടർമാർ പറഞ്ഞു.
മദ്യപിച്ച് ഭാര്യയുമായി പ്രദീപ് വഴക്കുണ്ടാക്കുന്നത് പതിവാണെന്നും ഇന്ന് രാവിലെയും സമാനമായി വഴക്ക് നടന്നതായും നാട്ടുകാര്‍ പറഞ്ഞു. മഞ്ജുവിനെ വെട്ടുന്നത് കണ്ട് തടയാനെത്തിയ മകളെയും പ്രദീപ് ആക്രമിച്ചു. സംഭവത്തിന് പിന്നാലെ വാഹനം എടുത്ത് സ്ഥലത്ത് നിന്ന് പ്രദീപ് കടന്നുകളഞ്ഞു. നാട്ടുകാരാണ് മഞ്ജുവിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.