കോമത്തുകര അടിപ്പാത നിർമ്മാണ സ്ഥലത്ത് താൽക്കാലിക റോഡിൽ വിള്ളൽ; വശങ്ങൾ ഇടിയുന്നു
കൊയിലാണ്ടി: കോമത്തു കരയിൽ ബൈപ്പാസ് റോഡ് സംസ്ഥാന പാതയെ കടന്നുപോകുന്ന സ്ഥലത്ത് റോഡിൽ വിള്ളൽ പ്രത്യക്ഷപ്പെട്ടു. താൽക്കാലികമായി നിർമ്മിച്ച റോഡിലാണ് വിള്ളൽ പ്രത്യക്ഷപ്പെട്ടത്. കനത്ത മഴയെ തുടർന്ന് റോഡിന്റെ വശങ്ങൾ ഇടിഞ്ഞു താഴാനും തുടങ്ങിയിട്ടുണ്ട്. 30 അടിയോളം താഴ്ച്ചയിലാണ് ബൈപ്പാസ് റോസിനുള്ള അടിപ്പാത നിർമ്മാണം പുരോഗമിക്കുന്നത്.
ധാരാളം തൊഴിലാളികൾ അടിപ്പാത നിർമ്മാണത്തിനായി ഇവിടെ ജോലിയെടുക്കുന്നുണ്ട്. വശങ്ങൾ ഇടിഞ്ഞ് വീണ് തൊഴിലാളികളുടെ ജീവൻ അപകടപ്പെടാനുള്ള സാദ്ധ്യത തള്ളിക്കളയാനാവില്ല. മണ്ണിട്ടുയർത്തിയാണ് താൽക്കാലിക റോഡ് പണിതത്. അതു വഴിയാണ് തിരക്കേറിയ കൽപ്പറ്റ, കൊയിലാണ്ടി റൂട്ടിലെ വാഹനങ്ങൾ എല്ലാം ഇപ്പോൾ കടന്നുപോകുന്നത്. വിള്ളൽ വലുതായി റോഡ് ഇടിയാനുള്ള സാദ്ധ്യത വളരെ വലുതാണ്. വാഹനങ്ങൾ മുപ്പത് അടി താഴോട്ട് പതിക്കുന്ന സ്ഥിതിയാണുണ്ടാവുക. വിള്ളൽ പ്രത്യക്ഷപ്പെട്ട് ദിവസങ്ങളായെങ്കിലും കരുതൽ നടപടികളൊന്നും അധികൃതരുടെ ഭാഗത്തു നിന്ന് ഉണ്ടാവാത്തതിൽ ജനങ്ങൾ ആശങ്കാകുലരാണ്.