കോമ്പിങ് ഓപറേഷൻ’; കൊലപാതകം, പോക്സോ ഉൾപ്പെടെ കേസ് പ്രതികൾ അറസ്റ്റിൽ, ലോഡ്ജിൽ പൂട്ടിയിട്ട വിദ്യാർഥിനിയെ മോചിപ്പിച്ചു
കോഴിക്കോട്: സിറ്റി പൊലീസിന്റെ ഒറ്റരാത്രിയിലെ കോമ്പിങ് ഓപറേഷനിൽ (സംയുക്ത പരിശോധന) പിടിയിലായത് ഗുരുതര കേസുകളിലെ പ്രതികളടക്കം നൂറിലേറെ പേർ. കൊലപാതകം, പോക്സോ ഉൾപ്പെടെ 24 വാറന്റ് കേസ് പ്രതികളും പത്ത് പിടികിട്ടാപ്പുള്ളികളും മദ്യപിച്ച് വാഹനം ഓടിച്ച 22 പേരും ലഹരി ഉപയോഗിച്ചതും കൈവശം സൂക്ഷിച്ചതുമടക്കം കേസുകളിൽ 29 പേരുമുൾപ്പെടെ 112 പേരാണ് പിടിയിലായത്. മദ്യപിച്ച് വാഹനമോടിച്ച കേസുകളിൽ പിടിയിലായവരെയെല്ലാം പിഴയീടാക്കി വിട്ടയച്ചപ്പോൾ മറ്റു ഗുരുതര കേസുകളിലെ പ്രതികളെ കോടതി റിമാൻഡ് ചെയ്തു. പൊലീസ് പരിശോധനക്കിടെ റെയിൽവേ സ്റ്റേഷനു സമീപത്തെ ലോഡ്ജിൽ പൂട്ടിയിട്ട പതിനാറുകാരിയായ വിദ്യാർഥിനിയെ മോചിപ്പിക്കുകയും ചെയ്തു. കേസിൽ മലപ്പുറം തിരൂരങ്ങാട് മമ്പറം സ്വദേശി നെച്ചിക്കാട്ട് വീട്ടിൽ ഉസ്മാൻ (53) അറസ്റ്റിലായി. പന്തീരാങ്കാവ് പൊലീസ് രജിസ്റ്റർ ചെയ്ത കൊലപാതക കേസിലെയും പോക്സോ കേസിലെയും പ്രതിയും പിടിയിലായി.
2021ൽ ജ്യോതി ബസ് സ്റ്റോപ്പിനുസമീപം എടക്കണ്ടി വിപിനെ (38) കൊലപ്പെടുത്തിയെന്ന കേസിലെ പ്രതി സുഹൃത്തായ ഒളവണ്ണ മാമ്പുഴക്കാട്ട് മുത്തൽ മജിത്ത് (38) ആണ് പിടിയിലായത്. കേസിൽ നേരത്തെ അറസ്റ്റിലായ ഇയാൾ ജാമ്യത്തിലിറങ്ങിയിരുന്നു. തുടർന്ന് കേസിന്റെ വിചാരണ നടക്കവെ ഹാജരാവാത്തതോടെ ഇയാൾക്കായി കോടതി വാറന്റ് പുറപ്പെടുവിക്കുകയായിരുന്നു. വീട്ടിൽ നിന്നാണ് ഇയാൾ പിടിയിലായത്. പോക്സോ കേസിൽ പ്രതിചേർത്തതോടെ ഏറെക്കാലമായി ഒളിവിൽ കഴിഞ്ഞ ഷാമിലും പിടിയിലായി.
സിറ്റി പൊലീസ് മേധാവി എ. അക്ബറിന്റെ നിർദേശപ്രകാരം ഡെപ്യൂട്ടി പൊലീസ് കമീഷണർ ഡോ. എ. ശ്രീനിവാസിന്റെ മേൽനോട്ടത്തിൽ മുഴുവൻ സ്റ്റേഷനുകളിലെയും ഇൻസ്പെക്ടർമാരുടെയും സബ് ഇൻസ്പെക്ടർമാരുടെയും നേതൃത്വത്തിലായിരുന്നു പരിശോധന. സിറ്റി പൊലീസ് അതിർത്തികളിലെല്ലാം പൊലീസ് പ്രത്യേകം സ്ക്വാഡുകളായാണ് പരിശോധന നടത്തിയത്. പാളയം, കെ.എസ്.ആർ.ടി.സി, മൊഫ്യൂസിൽ ബസ് സ്റ്റാൻഡുകളിലും നഗരത്തിലെ മുഴുവൻ ലോഡ്ജുകളിലും പൊലീസ് പരിശോധന നടത്തി. മാത്രമല്ല, സാമൂഹികവിരുദ്ധർ താവളമാക്കുന്നുവെന്ന് വിവരം ലഭിച്ച ഒഴിഞ്ഞതും നിർമാണത്തിലിരിക്കുന്നതുമായ കെട്ടിടങ്ങളിലും ആളൊഴിഞ്ഞ പ്രദേശങ്ങളും പരിശോധിച്ചു.