കോളജ് യൂണിയന്‍ പരിപാടിയ്ക്കിടെ നടി അപര്‍ണ ബാലമുരളിയോട് അപമര്യാദയായി പെരുമാറിയ വിദ്യാര്‍ത്ഥിക്ക് സസ്‌പെന്‍ഷന്‍
കോളജ് യൂണിയന്‍ പരിപാടിയ്ക്കിടെ നടി അപര്‍ണ ബാലമുരളിയോട് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ വിദ്യാര്‍ത്ഥിക്ക് സസ്‌പെന്‍ഷന്‍. എറണാകുളം ലോ കോളജ് രണ്ടാം വര്‍ഷ എല്‍എല്‍ബി വിദ്യാര്‍ത്ഥി വിഷ്ണുവിനെയാണ് ഒരാഴ്ചത്തേയ്ക്ക് സസ്‌പെന്റ് ചെയ്തത്. ലോ കോളജ് സ്റ്റാഫ് കൗണ്‍സിലിന്റേതാണ് നടപടി.
വിവാദമായ സംഭവത്തില്‍ വിദ്യാര്‍ത്ഥിയോട് കോളജ് സ്റ്റാഫ് കൗണ്‍സില്‍ വിശദീകരണം തേടിയിരുന്നു. തന്റെ ഭാഗത്ത് നിന്നുണ്ടായ മോശം പെരുമാറ്റത്തില്‍ ക്ഷമാപണം നടത്തുന്നതായി വിഷ്ണു അറിയിച്ചെങ്കിലും ഈ വിശദീകരണം തള്ളിയാണ് നടപടി. കോളജ് യൂണിയന്‍ പരിപാടിയില്‍ അതിഥിയായിട്ടാണ് നടി അപര്‍ണ ബാലമുരളിയും നടന്‍ വിനീത് ശ്രീനിവാസനും കോളജിലെത്തിയത്. ഇവര്‍ അഭിനയിക്കുന്ന തങ്കം എന്ന സിനിമയുടെ പ്രമോഷന്റെ കൂടി ഭാഗമായിട്ടായിരുന്നു സന്ദര്‍ശനം.
പരിപാടി വേദിയില്‍ പുരോഗമിക്കുന്നതിനിടെയാണ് പൂവുമായി വിഷ്ണു വേദിയിലേക്ക് എത്തിയത്. പൂവ് സ്വീകരിച്ച അപര്‍ണയ്ക്ക് ഷേക്ക് ഹാന്‍ഡ് നല്‍കിയ വിഷ്ണു അപര്‍ണയെ കൈയില്‍ പിടിച്ച് എഴുന്നേല്‍പ്പിച്ച് നിര്‍ത്തി ഒപ്പം നിന്ന് ഫോട്ടോ എടുക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇതിനിടെ നടിയുടെ തോളത്ത് കൈയിടാനും ശ്രമിച്ച വിഷ്ണുവിനോട് അപര്‍ണ രൂക്ഷമായി പ്രതികരിച്ചു. ഫോട്ടോയ്ക്ക് പോസ് ചെയ്യാതെ താരം ഒഴിഞ്ഞു മാറുകയും ചെയ്തു.
സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ എസ്എഫ്‌ഐ നയിക്കുന്ന കോളജ് യൂണിയന്‍ സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നു.