SPECIALUncategorized

കോഴിക്കോടിനഭിമാനം: അമീൻ റസ്ക്യൂ ടീം കൂർമ്പാച്ചിമലയിലെ രക്ഷാദൗത്യത്തിൽ പങ്കെടുത്തു.

കുർമ്പാച്ചി മലയിലെ മലയിടുക്കിൽ കുടുങ്ങിയ ബാബുവിനെ രക്ഷിച്ച സൈനികരെ വാഴ്ത്തുപാട്ടുകൾ കൊണ്ടും പുഷ്പ വൃഷ്ടി കൊണ്ടും ശ്വാസംമുട്ടിക്കുമ്പോൾ, മുറ്റത്തെ മുല്ലയുടെ മണം നാം അറിയാതെ പോകരുത്. ഈ ദൗത്യമേറ്റെടുത്ത് കൂർമ്പാച്ചി മല കയറി രക്ഷാപ്രവർത്തനങ്ങളിലേർപ്പട്ടവരിൽ, കോഴിക്കോട് ജില്ലയിലെ കൂരാച്ചുണ്ട്‌ കേന്ദ്രമായി പ്രവർത്തിക്കുന്ന 13 അംഗ അമീൻ റസ്ക്യൂ ടീമുമുണ്ടായിരുന്നു. ഒന്നാം ദിവസം എൻഡി ആർ എഫ് ടീമിന് ദൗത്യം വിജയിപ്പിക്കാൻ കഴിയാതെ വന്നതോടെ പാലക്കാട്ടെ ജില്ലാ ഭരണാധികാരികൾ ആവശ്യപ്പെട്ടതനുസരിച്ചാണ് അമീൻ റസ്ക്യൂ ടീം പാലക്കാട്ടെത്തിയത്. കോഴിക്കോട്ടെ ഫയർ ആന്റ് സേഫ്റ്റി ഉദ്യോഗസ്ഥരാണ് ഇവരോട് പാലക്കാട്ടെത്താൻ ആവശ്യപ്പെട്ടത്. ഇവർ പാറകളിലും തുരങ്കങ്ങളിലും കയറി ഇറങ്ങി രക്ഷാപ്രവർത്തനം നടത്താൻ പ്രത്യേകം പരിശീലനം ലഭിച്ച ടീമാണ്. കയറുകളും പാറതുരക്കുന്ന ഡ്രില്ലിംഗ് മെഷീനും ജനറേറ്ററും, ക്യാമറയും ഉൾപ്പെടെ രക്ഷാ പ്രവർത്തനങ്ങൾക്കാവശ്യമായ ഒന്നര ക്വിന്റൽ സാധനങ്ങളുമായാണ് ഈ സംഘം പാലക്കാട്ടെത്തി മല കയറിയത്.

രാത്രി 12 മണിയാടെ പാലക്കട്ടെത്തിയ സംഘത്തിന് ജില്ലാ ഭരണാധികാരികൾ ഗസ്റ്റ് ഹൗസിൽ അല്പസമയം വിശ്രമമനുവദിച്ച ശേഷം മൂന്ന് മണിയോടെ മല കയറ്റുകയായിരുന്നു. പുലർച്ചയോടെ മലമുകളിലെത്തിയ സംഘത്തിന് സൈന്യത്തെ സഹായിക്കാനുള്ള ദൗത്യം മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളൂ. ഇവർക്ക് മുമ്പേ മല കയറി എത്തിയ സൈന്യം അപ്പോഴേക്കും വടത്തിലറങ്ങി ബാബുവിന് വെള്ളം നൽകി മുകളിലേക്ക് കയറ്റാനുള സംവിധാനങ്ങൾ ഒരുക്കിയിരുന്നു. നേരത്തെ വിവരമറിഞ്ഞെത്തിയിരുന്നെങ്കിൽ തങ്ങൾക്ക് തന്നെ വടം കെട്ടിയിറങ്ങി ബാബുവിനെ രക്ഷിക്കാൻ കഴിയുമായിരുന്നു എന്ന ആത്മവിശ്വാസം ഈ സംഘത്തിനുണ്ട്.

 

https://youtu.be/w35bKWgj3CE

കേരളത്തിലാകെ ഇത്തരം രക്ഷാപ്രവർത്തനത്തിന് എൻ ഡി ആർ എഫ് സംഘം ഇവരുടെ സേവനം ഉപയോഗപ്പെടുത്താറുണ്ട്. ഇടുക്കി റിസർവോയറിൽ രണ്ട് ആദിവാസി സ്ത്രീകൾ മുങ്ങിമരിച്ച്, മൃതശരീരം കണ്ടെത്താൻ കഴിയാതെ വന്നപ്പോൾ, ഇവരുടെ മുങ്ങൽ വിദഗ്ധരാണ് സ്വന്തം അണ്ടർവാട്ടർ കേമറ ഉപയോഗിച്ച് മൃതദേഹം കണ്ടെടുത്തത്. പുത്തു മല, കവളപ്പാറ, കരിഞ്ചോല മല തുടങ്ങി കേരളത്തിലെ പ്രകൃതി ദുരന്ത മേഖലയിലെല്ലാം എൻ ഡി ആർ എഫ് സംഘം ഇവരുടെ സേവനം ഉപയോഗിച്ചിരുന്നു. അഞ്ച് ഒന്നാം തരം മുങ്ങൽ വിദഗ്ധരും തുരങ്കങ്ങളിലും പാറക്കൂട്ടങ്ങളിലും ചെങ്കുത്തായ മലകളിലും കയറി ഇറങ്ങി രക്ഷാപ്രവർത്തനം നടത്താൻ പരിശീലനം സിദ്ധിച്ച അഞ്ചു പേരും അടങ്ങിയതാണ് ഈ പതിമൂന്നംഗ സംഘം. പുനരധിവാസത്തിന്റെ ഭാഗമായി 20 ദിവസം കൊണ്ട് ഒരു വീട്ടിന്റെ നിർമ്മാണം പൂർത്തിയാക്കാനുള്ള വൈദഗ്ധ്യം ഈ സംഘത്തിനുണ്ട്. നിലമ്പൂർ കാളികാവിലും വയനാട്ടിലുമൊക്കെ ഇതു പോലുള്ള വീടുകൾ നിർമ്മിച്ചു നൽകിയിട്ടുണ്ട്. ബിജു കക്കയമാണ് ഈ സംഘത്തിന്റെ ജീവനാഡി. ഇദ്ദേഹം തന്നെയാണ് പരിശീലകനും. സാദിഖ് ഓണോട്ടാണ് ടീം ക്യാപ്റ്റൻ. പത്രോസ്, സിറാജ്, റിനോജ്, ഷമീർ, അരുൺ, മുഹമ്മദലി, അൻസാർ, ഷറഫ്, അമ്മദ്, ലത്തീഫ്, നിയാസ് എന്നിവരാണ് പാലക്കാട് പോയ സംഘത്തിലുണ്ടായിരുന്നത്.

 

 

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button