കോഴിക്കോട്ടും തിരുവനന്തപുരത്തും പുതിയ പദ്ധതികള്‍ ഏറ്റെടുത്തു നടപ്പാക്കാന്‍ കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് കമ്പനി
കോഴിക്കോട്ടും തിരുവനന്തപുരത്തും പുതിയ പദ്ധതികള്‍ ഏറ്റെടുത്തു നടപ്പാക്കാന്‍ കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് കമ്പനി (കെ എം ആര്‍ എല്‍). പദ്ധതി നടത്തിപ്പിനായുള്ള പ്രാരംഭ നടപടി ആരംഭിച്ചു.
ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ പ്രധാനപ്പെട്ട ഗതാഗത ഇടനാഴികളുടെ നിര്‍മാണത്തിനു പുറമേ കൊച്ചി മെട്രോ പോലുള്ള ഗതാഗത പദ്ധതികളും ഏറ്റെടുത്തു നടപ്പിലാക്കാനാണ് തീരുമാനം. ഇതു സംബന്ധിച്ചു തിരുവനന്തപുരം, കോഴിക്കോട് ജില്ലാ ഭരണകൂടങ്ങള്‍ക്കും മേയര്‍മാര്‍ക്കും മെട്രോ റെയില്‍ എം ഡി ലോക്‌നാഥ് ബെഹ്‌റ കത്തെഴുതി.
വികസന പദ്ധതികള്‍ നടപ്പിലാക്കുന്നതു സംബന്ധിച്ച കോംപ്രിഹെന്‍സീവ് മൊബിലിറ്റി പ്ലാന്‍ (സി എം പി) കെ എം ആര്‍ എല്‍ തയാറാക്കും. വരുന്ന മാര്‍ച്ച് 23നകം ഇതു പൂര്‍ത്തിയാകും. പിന്നീടു സംസ്ഥാന സര്‍ക്കാരില്‍നിന്നു സി എം പിക്ക് അനുമതി ലഭിക്കും. സി എം പിയിലേക്കു ലഭിക്കുന്ന വിശദമായ വിദഗ്‌ധാഭിപ്രായങ്ങളില്‍നിന്നു നഗരത്തിന് അനുയോജ്യമായ മെട്രോ പദ്ധതിയേതാണെന്നു കണ്ടെത്തി ഓള്‍ട്ടര്‍നേറ്റീവ് അനാലിസിസ് റിപ്പോര്‍ട്ട് തയാറാക്കിയതിനുശേഷം വിശദമായ പദ്ധതി റിപ്പോര്‍ട്ട് തയാറാക്കുമെന്നു കെ എം ആര്‍ എല്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.