DISTRICT NEWS

കോഴിക്കോട് ഐ എം സി എച്ചിൽ പ്രസവിച്ച കുഞ്ഞിനെ മാറിനൽകിയതായി പരാതി

കോഴിക്കോട് : മാതൃശിശുസംരക്ഷണകേന്ദ്രത്തിൽ (ഐ.എം.സി.എച്ച്.) പ്രസവിച്ച അമ്മയ്ക്ക്‌ കുഞ്ഞിനെ മാറിനൽകിയതായി പരാതി.ഇക്കഴിഞ്ഞ ജൂൺ ആറിന് രാവിലെ 10.15-ന് ഐ.എം.സി.എച്ചിൽ പ്രസവിച്ച വടകര സ്വദേശികളായ ദമ്പതിമാരുടെ കുഞ്ഞാണ് മാറിയത്. ആൺകുട്ടിയാണെന്നാണ് ആശുപത്രി അധികൃതർ പറഞ്ഞതെന്നും കുഞ്ഞിനെ കാണിക്കാതെയാണ് അമ്മയിൽനിന്ന് മാറ്റിയതെന്നും ആരോപണം.

ഇതിനെപ്പറ്റി പിന്നീട് ചോദിച്ചപ്പോൾ കുട്ടി കരയാത്തതുകൊണ്ടാണ് അമ്മയിൽനിന്ന് മാറ്റിയതെന്നും ചികിത്സയുടെ ഭാഗമായിട്ടാണ് ഇങ്ങനെ ചെയ്തതെന്നുമാണ് ആശുപത്രി അധികൃതർ പറഞ്ഞു. അമ്മയോടും കുഞ്ഞിന്റെ അമ്മമ്മയോടും അടുത്തുണ്ടായിരുന്ന നഴ്‌സ് പറഞ്ഞത് ആൺകുട്ടിയാണെന്നായിരുന്നു. എന്നാൽ പ്രസവിച്ച് പത്തുമിനിറ്റ്‌ കഴിഞ്ഞതോടെ ഡ്യൂട്ടിയിലുണ്ടായിരുന്ന മൂന്നുപേർ ചേർന്ന് പെൺകുഞ്ഞിനെ കൊണ്ടുവന്ന് കാണിച്ചു.
കുഞ്ഞിന്റെ ചുണ്ടിന് വൈകല്യമുണ്ടെന്നും ശാരീരികമായ ഒട്ടേറെ പ്രശ്നങ്ങളുണ്ടെന്നും ആശുപത്രി അധികൃതർ നൽകിയ രേഖകളിലുണ്ട്. കുഞ്ഞിന്റെ ആദ്യമാസംമുതൽ അവസാനമാസംവരെ എല്ലാ ഘട്ടത്തിലും സ്കാനിങ്‌ പരിശോധനകൾ പൂർത്തിയാക്കിയതാണ്. അപ്പോഴൊന്നും ഡോക്ടർമാർ ആരുംതന്നെ ശാരീരികപ്രശ്നങ്ങളുള്ളതായി ദമ്പതിമാരോട് പറഞ്ഞിട്ടില്ല. കുഞ്ഞിന്റെ ആരോഗ്യപ്രശ്നങ്ങളുമായി ബന്ധപ്പെട്ട് ഡോക്ടർമാർ പറഞ്ഞ എല്ലാ പരിശോധനകളും പൂർത്തിയാക്കിയതാണ്. കുഞ്ഞിനെ മാറിപ്പോയതാണെങ്കിൽ ബന്ധപ്പെട്ടവർക്കെതിരെ നടപടി വേണമെന്നും യഥാർഥ കുഞ്ഞിനെ തിരിച്ചുകിട്ടാനുള്ള ശാസ്ത്രീയപരിശോധനകൾ വേണമെന്നുമാവശ്യപ്പെട്ട് ദമ്പതിമാർ  മെഡിക്കൽ കോളേജ് പോലീസിൽ പരാതി നൽകി.

പിതൃത്വം തെളിയിക്കുന്നതുമായി ബന്ധപ്പെട്ട ഡി എൻ എ പരിശോധന കഴിയാതെ തങ്ങൾക്ക് ഈ കാര്യത്തിൽ ഒന്നുംചെയ്യാനില്ലെന്ന നിലപാടിലാണ് പോലീസ്. കേസെടുക്കണമെങ്കിൽ ഡി എൻ എ പരിശോധന പൂർത്തിയാക്കേണ്ടതുണ്ടെന്നും മെഡിക്കൽ കോളേജ് പോലീസ് അധികൃതർ പറഞ്ഞു. പരിശോധനാഫലം വന്നശേഷംമാത്രമേ കേസെടുക്കൂവെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.

അതേസമയം കുഞ്ഞ്‌ മാറിപ്പോയിട്ടില്ലെന്നും പരാതിയുണ്ടായ ഉടൻ പ്രാഥമികാന്വേഷണം നടത്തിയെന്നും മാതൃശിശുസംരക്ഷണ കേന്ദ്രം സൂപ്രണ്ട് ഡോ. സി ശ്രീകുമാർ പറഞ്ഞു. കോടതിയോ പോലീസോ നിർദേശിക്കാതെ ഡി എൻ എ പരിശോധന നടത്താൻ സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button