കോഴിക്കോട് ഓണം സ്‌പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി എക്‌സൈസ് സംഘം പിടിച്ചെടുത്തത് വൻ ലഹരി ശേഖരം
കോഴിക്കോട് : ഇത്തവണ ഓണം സ്‌പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി എക്‌സൈസ് സംഘം പിടിച്ചെടുത്തത് വൻ ലഹരി ശേഖരം. ഇത് കഴിഞ്ഞ മാസങ്ങളെ അപേക്ഷിച്ച് വളരെ കൂടുതലാണെന്ന് കോഴിക്കോട് എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണർ അബു എബ്രഹാം അറിയിച്ചു. ആഗസ്റ്റ് ഒന്നു മുതൽ ആരംഭിച്ച ഡ്രൈവിൽ ഇന്നലെ വരെ 6260 ലിറ്റർ വാഷ്, 96.5 ലിറ്റർ ചാരായം, 8.75 കിലോഗ്രാം കഞ്ചാവ്, 16 കിലോ പുകയില ഉൽപ്പന്നങ്ങൾ, 7.76 ഗ്രാം ഹാഷിഷ് ഓയിൽ, 0.27 ഗ്രാം എം.ഡി.എം.എ, 6.5 ലിറ്റർ ബിയർ, എന്നിവ പിടിച്ചെടുത്തു. ഇതിന് പുറമേ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് അനധികൃതമായി കടത്തുകയായിരുന്ന 80 ലിറ്റർ മദ്യവും അനധികൃതമായി കടത്തുകയായിരുന്ന 439 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവും പിടിച്ചെടുത്തു.
ഡ്രൈവിന്റെ ഭാഗമായി ഇതുവരെ 173 അബ്കാരി കേസുകളും രജിസ്റ്റർ ചെയ്തു. കൂടാതെ 35 മയക്കു മരുന്ന് കേസുകളിൽ അറസ്റ്റുകളും രേഖപ്പെടുത്തിയിട്ടുണ്ട്. പുകയില ഉലപ്പന്നങ്ങൾ പിടിച്ചെടുത്ത കേസുകളിൽ മാത്രം ഇതുവരെ 34400 രൂപ ഫൈൻ ഈടാക്കുകയും ചെയ്തു.
ഓണക്കാലത്ത് ബാറുകൾ, ട്രെയിൻ, എന്നിവിടങ്ങളിൽ നടത്തിയ പരിശോധനയിലൂടെയും വാഹന പരിശോധനയിലൂടെയുമാണ് ലഹരി വസ്തുക്കൾ കൂടുതലും പിടിച്ചെടുത്തത്. വാഷ്, ചാരായം തുടങ്ങിയവ ഏറ്റവും കൂടുതൽ പിടിച്ചെടുത്തത് താമരശ്ശേരി ഭാഗങ്ങളിൽ നിന്നാണ്. മറ്റു ലഹരി വസ്തുക്കൾ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായും പിടിച്ചെടുത്തു. സ്‌പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി അറസ്റ്റിലായവരിൽ ഏറിയ പങ്കും ഇരുപതിനും മുപ്പത്തിനും ഇടയിൽ പ്രായമുള്ളവരാണ്. മയക്കുമരുന്ന് ഉൾപ്പെടെ സംസ്ഥാനത്ത് യുവാക്കൾക്കിടയിൽ ലഹരി ഉപയോഗം വർദ്ധിക്കുന്ന സാഹചര്യത്തിൽ കൂടുതൽ കർശനമായ നടപടികളുമായി എക്‌സൈസ് സംഘങ്ങൾ പരിശോധനകൾ തുടരുകയാണ്.
ഓണം സ്‌പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി വൻ ലഹരി ശേഖരമാണ് പിടിച്ചെടുത്തിട്ടുള്ളത്. കഴിഞ്ഞ മാസങ്ങളെ അപേക്ഷിച്ച് ഓണക്കാലത്ത് ലഹരി കടത്തൽ കൂടിയിട്ടുണ്ടെന്നാണ് എക്‌സൈസിന്റെ നിരീക്ഷണം. പിടിയിലായവരിൽ കൂടുതലും യുവാക്കളാണ്. പരിശോധനകൾ ഇനിയും തുടരും.