CALICUTMAIN HEADLINES
കോഴിക്കോട് കടലിൽ കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി; പതങ്കയത്ത് ഒഴുക്കില്‍പ്പെട്ടത് ജ്വല്ലറി ജീവനക്കാരന്
കോഴിക്കോട് : ഓണാഘോഷത്തിനിടെ ജില്ലയില്‍ രണ്ടിടങ്ങളിലായി അപകടം. കടല്കാണാന് കോഴിക്കോട് ബീച്ചിലെത്തിയ കൊടുവള്ളി സ്വദേശിയായ സ്കൂള്‍ വിദ്യാര്‍ഥി മുങ്ങി മരിച്ചു. ആനക്കാം പൊയില്‍ പതങ്കയത്ത് അവധി ആഘോഷിക്കാനെത്തിയ കൊണ്ടോട്ടി സ്വദേശിയായ യുവാവിനെ കാണാതായി. കൊടുവള്ളി കണ്ടിയില്‍ തൊടുകയില്‍ മുജീബിന്റെ മകന് ആദില്‍ അര്‍ഷാദ് (15) ആണ് മരിച്ചത്. കൊണ്ടോട്ടി കടപ്പാടി പറമ്പില്‍പീടിക സ്വദേശിയായ ആഷിക് (23) നെയാണ് കാണാതായത്.
ഇന്നലെ രാവിലെ കൊടുവള്ളിയില്‍ നിന്ന് സൈക്കിളുമായാണ് ആദില്‍ അര്ഷാദുള്പ്പെടെയുള്ള പത്തംഗ വിദ്യാര്‍ഥി സംഘം കോഴിക്കോട് നഗരത്തിലെത്തിയത്. 12 ഓടെ നഗരത്തിലെത്തിയ സംഘം ബീച്ചില്‍ കടല്കാണാനായെത്തി. ലയണ്‍സ് പാര്ക്കിന് പുറക്ഭാഗത്ത് കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍പെട്ട് ആദിലിനെ കാണാതാവുകയായിരുന്നു.
വിവരമറിഞ്ഞെത്തിയ ബീച്ച് ഫയര്‍ഫോഴ്സിലെ ലീഡിംഗ് ഫയര്മാന് ടി.വി.പൗലോസിന്റെ നേതൃത്വത്തിലുള്ള സംഘം തിരച്ചില്‍ ആരംഭിച്ചെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് മത്സ്യത്തൊഴിലാളികളും കോസ്റ്റല്‍പോലീസും എത്തി ഇന്നലെ രാത്രിവരെ തിരച്ചില്‍ നടത്തി. ഇന്നു രാവിലെ വീണ്ടും നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. എളേറ്റില്‍ വട്ടോളി എം.ജെ. ഹയര്‍സെക്കന്‍ഡറി സ്കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥിയാണ് ആദില്‍ അര്‍ഷാദ്.
ആനക്കാംപൊയില്‍ പതങ്കയം വെള്ളച്ചാട്ടത്തില്‍ ഒഴുക്കില്‍ പെട്ടാണ് കൊണ്ടോട്ടി കടപ്പാടി പറമ്പില്‍പീടിക സ്വദേശിയായ ആഷിക്കിനെ കാണാതായത്. ഇന്നലെ രാത്രി ഏറെ വൈകി വരെ തിരച്ചില്‍ തുടര്‍ന്നെങ്കിലും കണ്ടെത്താനായിട്ടില്ല. ഇന്ന് വീണ്ടും തിരച്ചില്‍ തുടരുകയാണ് .ഇന്നലെ രാവിലെ ഒന്‍പത് മണിയോടെയാണ് സംഭവം.
പറമ്പില്‍ ബസാറിലെ ജ്വല്ലറി ജീവനക്കാരനായ ആഷിക്കുള്പ്പെടെയുള്ള ആറംഗസംഘം പവര്‍ഹൗസിന് സമീപം കുളിക്കുന്നതിനിടെയാണ് അപകടം. കുളിക്കുന്നതിനിടെ ആഷിക് ഒഴുക്കില്‍ പെടുകയായിരുന്നു. ഉടന്‍ തന്നെ നാട്ടുകാരും മുറമ്പാത്തി കര്‍മ്മ സേന, കര്‍മ്മ ഓമശ്ശേരി, മുക്കം ഫയര്‍ഫോഴ്സ്, കോടഞ്ചേരി പോലീസ് എന്നിവരുടെ നേതൃത്വത്തില്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തിരച്ചിലിനിടെ തന്നെ പല തവണ മലവെള്ളപ്പാച്ചില്‍ ഉണ്ടായതിനാല്‍ തിരച്ചില്‍ നിര്‍ത്തിവയ്ക്കേണ്ടിയും വന്നു.
പതങ്കയത്ത് അപകടങ്ങള്‍ തുടര്ച്ചയാണങ്കിലും ആവശ്യമായ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കാന്‍ അധികൃതര്‍ ഇതുവരെ തയ്യാറായിട്ടില്ല. അതേ സമയം ഇവിടെയെത്തുന്ന വിനോദ സഞ്ചാരികള്‍ നാട്ടുകാരും മറ്റും പറയുന്നത് കേള്‍ക്കാതെ വെള്ളത്തിലിറങ്ങുന്നതാണ് പലപ്പോഴും അപകടങ്ങള്‍ക്ക് കാരണമാവുന്നതെന്ന് നാട്ടുകാര്‍ പറയുന്നു.
ഇതിന് മുന്‍പും നിരവധി തവണ ഇവിടെ അപകടങ്ങള്‍ നടക്കുകയും മനുഷ്യ ജീവന് പൊലിയുകയും ചെയ്തിട്ടും അധികൃതരുടെ ഭാഗത്ത് നിന്ന് ഒരു നടപടിയും ഉണ്ടായിട്ടില്ല.
Comments