കോഴിക്കോട് കുടുംബ വഴക്കിനെ തുടര്‍ന്ന് നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ കുട്ടിയുടെ അച്ഛനും മുത്തശ്ശിയും അറസ്റ്റില്‍
കോഴിക്കോട്: കുടുംബ വഴക്കിനെ തുടര്‍ന്ന് നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ കുട്ടിയുടെ അച്ഛനും മുത്തശ്ശിയും അറസ്റ്റില്‍. കോഴിക്കോട് പൂളക്കടവിലാണ് സംഭവം. അച്ഛന്‍ ആദില്‍ മുത്തശ്ശി സാക്കിറ എന്നിവര്‍ക്കെതിരെയാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
12 ദിവസം മാത്രം പ്രായമുളള പിഞ്ചുകുഞ്ഞിനെയാണ് ഇരുവരും ചേര്‍ന്ന് ബംഗളൂരുവിലേക്ക് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. ഇന്നലെ മുത്തങ്ങ ചെക്ക്‌പോസ്റ്റ് കടക്കുന്നതിനിടെയാണ് പൊലീസ് ഇവരെ പിടികൂടിയത്. തുടര്‍ന്ന് രാത്രി തന്നെ കുട്ടിയെ തിരികെ അമ്മയെ ഏല്‍പ്പിച്ചു. തട്ടിക്കൊണ്ടുപോകല്‍, ജുവനൈല്‍ ആക്ട് തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
മക്കട സ്വദേശിയായ കുട്ടിയുടെ അമ്മയെ ആദില്‍ വിവാഹം ചെയ്തിട്ട് ഒരു വര്‍ഷം കഴിഞ്ഞതേയുളളു. എന്നാല്‍ ഇരുവര്‍ക്കുമിടയില്‍ ദാമ്പത്യ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. ഇതേ തുടര്‍ന്ന് കുഞ്ഞ് ജനിച്ചത് മുതല്‍ അമ്മയ്ക്ക് കുട്ടിയെ കാണാന്‍ സാധിച്ചിരുന്നില്ല. കുഞ്ഞിനെ കാണാന്‍ അനുവദിക്കുന്നില്ലെന്ന് അറിയിച്ചുകൊണ്ട് യുവതി ഇന്നലെ ഭര്‍ത്താവിനും ഭര്‍തൃമാതാവിനുമെതിരെ പൊലീസില്‍ പരാതിപ്പെട്ടിരുന്നു.
ചേവായൂര്‍ പൊലീസ് സ്റ്റേഷനിലെത്തിയാണ് യുവതി പരാതി നല്‍കിയത്. തുടര്‍ന്ന് പൊലീസ് ഉദ്യോഗസ്ഥരെ കൂട്ടി യുവതി തിരികെ വീട്ടിലെത്തിയപ്പോഴേക്കും കുഞ്ഞിനെ കാണാനില്ലായിരുന്നു. ഇതേ തുടര്‍ന്ന് അയല്‍വാസികളോട് അന്വേഷിച്ചപ്പോളാണ് ആദിലും അമ്മയും ചേര്‍ന്ന് കുഞ്ഞിനെയും കൊണ്ട് പുറത്തേക്ക് പോയതായി വിവരം ലഭിച്ചത്. ആദില്‍ മുന്‍പ് ബംഗലൂരുവിലാണ് ജോലി ചെയ്തിരുന്നതെന്നും അതിനാല്‍ കുട്ടിയെ അങ്ങോട്ട് കൊണ്ടുപോയതാകാമെന്നും യുവതി സംശയം പ്രകടിപ്പിച്ചു. തുടര്‍ന്ന് പൊലീസ് നടത്തിയ ഇടപെടലിലാണ് മുത്തങ്ങ ചെക്ക് പോസ്റ്റില്‍ വെച്ച് അതിര്‍ത്തി കടക്കും മുന്‍പ് ഇവരെ കസ്റ്റഡിയിലെടുത്തത്.